വാങ്ങാനാളില്ല, പാൽ ശേഖരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിൽമ, ക്ഷീരകർഷകർക്ക് തിരിച്ചടി

By Web TeamFirst Published Mar 31, 2020, 8:07 AM IST
Highlights

അമ്പതിനായിരം മുതൽ 1 ലക്ഷം ലിറ്റർ  വരെ അധികം പാൽ എറണാകുളം മേഖലയിലും, 3 ലക്ഷം ലിറ്റർ വരെ മലബാർ മേഖലയിലും വിറ്റഴിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മിൽമ.  

കൊച്ചി: ലോക്ക് ഡൗണിൽ പ്രതിസന്ധി കടുത്തതോടെ പാൽ ശേഖരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി മിൽമ. മിൽമയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ക്ഷീരകർഷകർക്ക് മുൻഗണന നൽകിയാകും വരും ദിവസങ്ങളിൽ പാൽ സംഭരണം. അധിക പാൽ കൊവിഡ് ഭീതിയെ തുടർന്ന് അയൽ സംസ്ഥാനങ്ങൾ എടുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ലോക്ക് ഡൗൺ കാരണം  ആവശ്യക്കാർ കുറഞ്ഞതോടെ മിൽമയുടെ പാൽ സംഭരണം ക്രമാതീതമായി കൂടുകയാണ്. അമ്പതിനായിരം മുതൽ 1 ലക്ഷം ലിറ്റർ അധികം പാൽ എറണാകുളം മേഖലയിലും, 3 ലക്ഷം ലിറ്റർ വരെ മലബാർ മേഖലയിലും വിറ്റഴിക്കാൻ ആകാത്ത സ്ഥിതിയിലാണ് സ്ഥാപനം ഇപ്പോൾ. അധികമായി സംഭരിച്ചിരുന്ന പാൽ നഷ്ടം സഹിച്ചാണ് മിൽമ തമിഴ്നാട്ടിലേക്ക് അയച്ച് പാൽപ്പൊടിയാക്കിയിരുന്നത്. 

എന്നാൽ ഇപ്പോൾ തമിഴ്നാട് നിസഹകരണം അറിയിച്ചതോടെ ഇനി മുതൽ ഇതും നടപ്പാകില്ല. ഇതോടെയാണ് മിൽമയെ മാത്രം ആശ്രയിക്കുന്ന ക്ഷീരസംഘങ്ങളിൽ നിന്ന് മാത്രം മതി സംഭരണമെന്ന തീരുമാനം. വരുന്ന വെള്ളിയാഴ്ച മുതൽ മിൽമ എറണാകുളം മേഖല തീരുമാനം നടപ്പാക്കും. ആവശ്യമെങ്കിൽ പാൽ സംഭരണത്തിന് അവധി നൽകുന്നതും പരിഗണനയിലുണ്ട്.

അധിക പാൽ എടുക്കേണ്ടെന്ന തീരുമാനം ക്ഷീരകർഷകർക്ക് വരും ദിവസങ്ങളിൽ വലിയ തിരിച്ചടിയാകും. സംഭരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് തന്നെയാണ് മലബാർ മേഖലയിൽ നിന്നുമുള്ള വിവരം. അതേസമയം സംഭരിക്കുന്ന പാൽ മുഴുവൻ വിറ്റഴിക്കാൻ സാധിക്കുന്ന തിരുവനന്തപുരം മേഖലയിൽ നിലവിൽ പ്രതിസന്ധിയില്ല.

click me!