'ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല' ഏറ്റെടുത്ത് മില്‍മ; ഫായിസിന് റോയല്‍റ്റി നല്‍കണമെന്ന് ആവശ്യം

By Web TeamFirst Published Jul 27, 2020, 9:03 PM IST
Highlights

ഫായിസിന്റെ വാക്കുകള്‍ റോയല്‍റ്റി അര്‍ഹിക്കുന്നതാണെന്നും കുട്ടിയുടെ അനുവാദമില്ലാതെ വാചകങ്ങള്‍ പരസ്യത്തിനുപയോഗിച്ചത് ശരിയായില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
 

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ വൈറലായ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരന്റെ 'ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല' പ്രയോഗം ഏറ്റെടുത്ത് മില്‍മ. മലബാര്‍ മില്‍മയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിത്. പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് ഫായിസിന് റോയല്‍റ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. ഫായിസിന്റെ വാക്കുകള്‍ റോയല്‍റ്റി അര്‍ഹിക്കുന്നതാണെന്നും കുട്ടിയുടെ അനുവാദമില്ലാതെ വാചകങ്ങള്‍ പരസ്യത്തിനുപയോഗിച്ചത് ശരിയായില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ഫായിസിന്റെ വാചകങ്ങള്‍ പരസ്യത്തിലുപയോഗിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും രംഗത്തെത്തി. ഇത്രയും പ്രശസ്തമായ വാചകങ്ങളുടെ റോയല്‍റ്റി സ്വകാര്യ സ്ഥാപനങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. പരസ്യ വാചകങ്ങള്‍ക്ക് പരസ്യക്കമ്പനികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫായിസ് കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോയുമായി എത്തിയത്. ഫായിസ് പൂക്കള്‍ ഉണ്ടാക്കിയത് പ്രതീക്ഷിച്ച പോലെ ശരിയായില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ 'ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയ്‌പ്പോല്ല' എന്ന് ഫായിസ് പറഞ്ഞത് കേരളം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. 

അതേസമയം ഫായിസിന്റെ വാചകങ്ങള്‍ വാണിജ്യ പരസ്യത്തിന് ഉപയോഗിച്ചിട്ടില്ലന്ന് മലബാര്‍ മില്‍മ എംഡി കെഎം വിജയകുമാരന്‍ എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മില്‍മയുടെ പോസ്റ്റര്‍ മറ്റാരെങ്കിലും ഷെയര്‍ ചെയ്യുന്നതിന് ഉത്തരവാദിത്തമില്ല. വീഡിയോയിലെ നിഷ്‌കളങ്കതയാണ് ആകര്‍ഷഷിച്ചത്. ഫായിസിന് ഉചിതമായ സമ്മാനം മില്‍മ നല്‍കുമെന്നും കൊവിഡ് കാലത്ത് ആത്മവിശ്വാസം നല്‍കുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക്  സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.
 

click me!