വണ്ടിച്ചെക്ക് കേസിൽ കോടതി വിധി ലംഘിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ സ്ഥാപനം, നൽകാനുള്ളത് 63 ലക്ഷം

Published : Oct 10, 2022, 08:00 AM ISTUpdated : Oct 10, 2022, 08:32 AM IST
വണ്ടിച്ചെക്ക്  കേസിൽ കോടതി വിധി ലംഘിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ സ്ഥാപനം, നൽകാനുള്ളത് 63 ലക്ഷം

Synopsis

63 ലക്ഷം രൂപ പിഴ അടക്കാൻ വിധി വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേരിയിലുള്ള വിൻവേ ഓട്ടോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തയ്യാറായിട്ടില്ല. മന്ത്രിയുടെ രണ്ട് കൂട്ടുപ്രതികള്‍ക്ക് കേസില്‍ തടവുശിക്ഷ വിധിച്ചിട്ടും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നുമില്ല.

 

തിരുവനന്തപുരം : ചെക്ക് കേസിൽ കോടതി ഉത്തവ് കാറ്റിൽ പറത്തി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനം. വണ്ടിച്ചെക്ക് നൽകി പ്രവാസിയെ പറ്റിച്ചതിന് കോടതി ചുമത്തിയ 63 ലക്ഷം രൂപ പിഴ അടക്കാൻ വിധി വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേരിയിലുള്ള വിൻവേ ഓട്ടോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തയ്യാറായിട്ടില്ല. മന്ത്രിയുടെ രണ്ട് കൂട്ടുപ്രതികള്‍ക്ക് കേസില്‍ തടവുശിക്ഷ വിധിച്ചിട്ടും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നുമില്ല.

 

പ്രവാസിയും വടകര സ്വദേശിയുമായ യൂസഫിൽ നിന്നും വിൻവേ ഓട്ടോ ഇൻഡസ്ട്രീസിൻറെ പാർട്ണർമാരും വടകര സ്വദേശികളുമായ സലീമും അംഷാദും 50 ലക്ഷം രൂപ വാങ്ങുന്നത് 2011 ൽ. മലപ്പുറം മഞ്ചേരിയില്‍ റെയില്‍വേയ്ക്ക് സാധനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനത്തില്‍ പാര്‍ട്നണാറാക്കാമെന്നും 25 ശതമാനം ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞി‍ട്ടും ഒന്നും നടക്കാതായതോടെ പണം തിരിച്ചുകിട്ടണം എന്ന് യൂസഫ് എന്നാവശ്യപ്പെട്ടു. മധ്യസ്ഥര്‍ ഇടപെട്ട് ഉടന്‍ പണം തിരിച്ചുകൊടുക്കാന്‍ ധാരണായായെങ്കിലും യൂസഫിന് കൊടുത്ത പത്ത് ലക്ഷം രൂപയുടെ അഞ്ച് ചെക്കുകള്‍ പണമില്ലാത്തതിനാല്‍ മടങ്ങി. യൂസഫ് വടകര കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവെയാണ് ഇന്നത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിൻറെ വരവ്. കേസില്‍ മൂന്നാംപ്രതിയായ വിന്‍വേ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ താനാണ് എന്ന് പറഞ്ഞ് അഹമ്മദ് ദേവര്‍കോവില്‍ കോടതിയില്‍ വിചാരണ നേരിട്ടു.

വടകരയിലെ വിചാരണക്കോടതി അഹമ്മദ് ദേവര്‍കോവിലിന്‍റെയും പാർട്ണർമാരുടേയും വാദം തള്ളി. അഹമ്മദ് ദേവര്‍കോവില്‍ അടക്കം മൂന്ന് പ്രതികള്‍ക്കും കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചു. അഹമ്മദ് ദേവര്‍കോവില്‍ സ്ഥാപനത്തിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ എന്ന നിലയില്‍ 63 ലക്ഷം പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. അപ്പീൽ പരിഗണിച്ച കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി 2019ൽ രണ്ടു പ്രതികളുടെയും തടവ് ശിക്ഷ ഓരോ വര്‍ഷമായി കുറച്ചു. അഹമ്മദ് ദേവര്‍കോവിലിന്‍റെ തടവ് ശിക്ഷ റദ്ദാക്കിയ അപ്പീല്‍ കോടതി 63 ലക്ഷം രൂപ പിഴ അടക്കാനുള്ള ഉത്തരവ് നിലനിര്‍ത്തി.

നിശ്ചിത സമയത്ത് അഹമ്മദ് ദേവര്‍കോവിലിന്‍റെ സ്ഥാപനം പിഴ ഒടുക്കിയില്ല. കൂട്ടുപ്രതികളെ അറസ്റ്റും ചെയ്തില്ല. അഹമ്മദ് ദേവര്‍കോവിലിന്‍റെ സ്ഥാപനത്തില്‍ നിന്ന് പിഴത്തുക ഈടാക്കുന്നതിന്‍റെ ഭാഗമായി ഡിസ്ട്രസ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മന്ത്രിയായതിനാല്‍ ഒരു നടപടിയുമില്ല. മന്ത്രിക്കൊപ്പം കൂട്ടുപ്രതികളായ രണ്ടുപേരും ഇപ്പോഴും കോഴിക്കോട് ഉണ്ടെങ്കിലും മൂന്നരവര്‍ഷമായിട്ടും പോലീസ് അറസ്റ്റ്ചെയ്യുന്നുമില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ നിരവധി തവണ കണ്ടിട്ടും പരിഹാരമായില്ലെന്ന് യൂസഫ് പരാതിപ്പെടുന്നു.

അതേസമയം കമ്പനിയുമായി ഇപ്പോൾ ബന്ധമില്ലെന്നും വ്യക്തിപരമായി ബാധ്യതയില്ലെന്നും കേസ് കോടതിയുടെ പരിഗണനയില്‍ ആണെന്നുമാണ് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.  പണം വാങ്ങി തിരിച്ചുകൊടുക്കാതെ പറ്റിച്ചു എന്നതാണ് മന്ത്രിയുടെ സ്ഥാപനത്തിന് എതിരായ കോടതി ഉത്തരവ്. പൊലീസും അധികാരികളും മന്ത്രിക്കും കൂട്ടുപ്രതികള്‍ക്കും വേണ്ടി നില്‍ക്കുമ്പോള്‍ ഈ പ്രവാസി വ്യവസായി ചോദിക്കുകയാണ്. ഇനി താന്‍ എന്തുചെയ്യണം.?
 

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം