തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ എൻ ടി സാജന്റെ നിയമനം വനം വകുപ്പ് അറിഞ്ഞുതന്നെയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സാജന്‍റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിനെ കേൾക്കാതെയാണ് ട്രിബ്യൂണൽ തീരുമാനമെടുത്തതെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. ട്രിബ്യൂണൽ സ്റ്റേ താൽക്കാലികമാണ്. ഈ മാസം 7 ന് ട്രിബ്യൂണലിൽ പൊതുഭരണ വകുപ്പ് സർക്കാറിന്റെ അഭിപ്രായം അറിയിക്കും. വിഷയത്തിൽ വനംവകുപ്പ് മേധാവി, ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചതായി അറിയില്ലെന്നും വനം വകുപ്പ് മന്ത്രി വിശദീകരിച്ചു.
വിഷയത്തിൽ വനം വകുപ്പ് നടത്തിയ അന്വേഷണം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ആറ് മാസം മുമ്പ് ഇക്കാര്യത്തിൽ റിപ്പോർട്ട് ലഭിച്ചു. അന്തിമ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്റേതാണ്. ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ലല്ലോയെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്‍ ടി സാജനെ ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായാണ് നിയമിച്ചത്. മുട്ടിൽ മരം മുറിക്കേസിലെ സംയുക്ത അന്വേഷണത്തിനിടെയാണ് സർക്കാർ പ്രതികൾക്ക് അനുകൂലമായ സ്ഥാനക്കയറ്റ ഉത്തരവിറക്കിയത്.
എൻടി സാജന്‍റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു
മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ എൻടി സാജന്‍റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു. സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി മുൻ ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് ട്രിബ്യൂണലിനെ സമീപിച്ചത്. കേസിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാറിന്‍റെ വിശദീകരണം തേടി. മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ എൻടി സാജനെ ഉന്നത സ്ഥാനത്ത് കൊണ്ടുവരാൻ വനംവകുപ്പ് നടത്തിയ നീക്കം വലിയ വിവാദമായിരുന്നു. ഈ നടപടിയ്ക്കാണ് അഡ്മിനിസ്ട്റ്റീവ് ട്രിബ്യൂണലിൽ നിന്ന് തിരിച്ചടിയേറ്റത്. സർക്കാർ നടപടി ചോദ്യം ചെയ്ത് മുൻ ദക്ഷണിമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് കേന്ദ്ര അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ ഇടപെടൽ.
കേഡർ ഓഫീസർമാരുടെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും ശുപാർശകൾ നൽകേണ്ടത് സിവിൽ സർവ്വീസ് ബോർഡ് ആണ്. എന്നാൽ സെക്രട്ടറിയേറ്റിലെ വനംകുപ്പിൽ നിന്നാണ് ഉത്തരവിറങ്ങുന്നത്. ഇത് ചട്ട ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഒരു കേഡർ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഓഫീസർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഈ തസ്തികയിൽ തുടരണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനിടിയിൽ മാറ്റം വരുത്തുകയാണെങ്കിൽ സിവിൽ സർവ്വീസ് ബോർഡ് ചേർന്ന് ഉദ്യോഗ്സഥന്‍റെ അഭിപ്രായം തേടണമെന്ന വ്യവസ്ഥയും നടപ്പായില്ല.
സ്ഥലംമാറ്റം പൊതു താൽപ്പര്യം മുൻനിർത്തിയോ, ഭരണപരമായ സൗകര്യത്തിനോ വേണ്ടിയല്ലെന്നും സംശയാസ്പദ സാഹചര്യത്തിലുള്ള വ്യക്തിയെ ഉന്നത സ്ഥാനത്ത് നിയമിക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദവും സ്വധീനവും മൂലമാണെന്നും ഹർജിയിൽ പരയുന്നു. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആയ എൻടി സാജനെ ദക്ഷിണമേഖല സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അധിക ചുമതലയോടെ കൊല്ലത്ത് തന്നെ നിയമിച്ചത്. ഈ സ്ഥാനത്തുണ്ടായിരുന്ന സഞ്ജയൻ കുമാറിനെ റിസർച്ച് വർക്കിംഗ് പ്ലാൻ കൺസർവേറ്ററാക്കി മാറ്റി. മുട്ടിൽ കേസിൽ എൻടി സാജനെതിരെ റിപ്പോർട്ട് നൽകിയ കണ്ണൂർ സിസിഎഫ് ഡികെ വിനോദ് കുമാറിനെ സാജന് കീഴിൽ സാമൂഹിക വനവൽക്കര വിഭാഗം ഫോറസ്റ്റ് കൺസർവേറ്ററാക്കിയായിരുന്നു. ഈ ഉത്തരവാണ് കാറ്റ് സ്റ്റേ ചെയ്തിട്ടുള്ളത്. കേസിൽ വ്യാഴാച് സർക്കറിനോട് മറുപടി നൽകാനും ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.