
കൊച്ചി : തൊണ്ടി മുതലിൽ കൃത്രിമം നടത്തിയ കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നുമാണ് ഹൈക്കോടതിയിൽ നിന്നും ആശ്വസ നിർദ്ദേശം വന്നതിന് പിന്നാലെ മന്ത്രിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ഓരോ ഘട്ടത്തിൽ ചെയ്യേണ്ടത് ചെയ്യും. അത് കൊണ്ടാണ് കുറ്റപത്രം റദ്ദാക്കാൻ ഇപ്പോൾ കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകർക്ക് തന്റെ കേസിനെ കുറിച്ച് ഒന്നുമറിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിലനിൽക്കുമെന്നറിയിച്ച ഹൈക്കോടതി കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് തടഞ്ഞു. വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് നടപടി. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തിൽ സമർപ്പിക്കുന്ന കുറ്റപത്രം ഫയലിൽ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണക്കോടതിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഹർജി നൽകിയത്. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരാണ്.
തൊണ്ടിമുതല്‍ മാറ്റിയ സംഭവം:ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി