
തൃശൂര്‍: കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീയില്‍ മൂന്ന് വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി കെ രാജു. കാട്ടുതീ ഉണ്ടാകാൻ സാധ്യതയുളള മേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലർത്താനും ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കൊറ്റമ്പത്തൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് പാട്ടത്തിനെടുത്ത പ്രദേശത്തുണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്നാണ് വനംവകുപ്പിനറെ നിഗമനം. ഇത് ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തതാണോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കും.
കാട്ടുതീ പ്രതിരോധിക്കാൻ കൂടുതല്‍ കർശനമായ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രൈബൽ വാച്ചർ ദിവാകരൻ, താത്കാലിക ജീവനക്കാരനായ വേലായുധൻ കൊടുമ്പു സ്വദേശി ശങ്കരൻ എന്നിവർ മരിച്ചത്.
കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തിലാണ് തീ പടർന്നത്. വടക്കാഞ്ചേരി റേഞ്ചിനു കീഴിലുള്ളതാണ് ഈ പ്രദേശം. തീ അണക്കാൻ ശ്രമിച്ച പൂങ്ങോട് ഫോറസ്റ് ഓഫീസിലെ പത്തംഗ സംഘത്തിലെ മൂന്ന് പേർക്കാണ് അപകടം പറ്റിയത്. തീ ചുറ്റും പടർന്നതോടെ ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റു. അക്കേഷ്യ മരങ്ങൾ ഏറെയുള്ള പ്രദേശമായതിനാൽ ഉണങ്ങിയ ഇലകളിൽ പെട്ടെന്ന് തീ പടർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam