
തിരുവനന്തപുരം: മില്‍മ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍കരണവും വിപണന ശൃംഖല ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു) നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വനിതാ ശിശുക്ഷേമ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്. പനീര്‍ പോപ്സ്-ചെട്ടിനാട്, പനീര്‍ പോപ്സ്-പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍.
ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മില്‍മ ഓരോ ഉല്‍പന്നവും പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ മില്‍മക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരില്‍കണ്ട് അന്വേഷിക്കുകയും വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ബോധ്യപ്പെടുകയും ചെയ്തു. മില്‍മയ്ക്കെതിരായ ഇത്തരം പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വീണുപോകരുത്. എല്ലാ പരിശോധനകള്‍ക്കും ശേഷം ഏറ്റവും ഗുണകരമായ മികച്ച ഉല്‍പന്നങ്ങളാണ് മില്‍മ വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച ക്ഷീരസഹകരണ പ്രസ്ഥാനമായി മുന്നോട്ടുപോകാനാണ് മില്‍മ ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക ക്ഷീര ദിനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ക്ഷീരവികസന വകുപ്പിന് മുന്നില്‍ ഒരു ലക്ഷ്യം മുന്നോട്ടുവച്ചു. ഒരു കോടി ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ച് സ്വയംപര്യാപ്തമായി കേരളം മുന്നോട്ടുപോകണം എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. വകുപ്പ് അതിനായുള്ള പ്രയത്നത്തിലാണ്. അതിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് മന്ത്രി വ്യക്തമാക്കി. മുമ്പ് ചുരുങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍ മാത്രമായിരുന്നു മില്‍മ പുറത്തിറക്കിയിരുന്നത്. ഇപ്പോള്‍ മാറുന്ന കാലഘട്ടത്തിനനുസരിച്ചും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ട് മില്‍മ മുന്നേറുകയാണ്. ഈ മാറ്റത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണക്കാഴ്ച ഉല്‍പന്ന കിറ്റ് ഉദ്ഘാടനം മന്ത്രി മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ടി.എന്‍ വത്സലന്‍ പിള്ളയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. നാല് ഉല്‍പന്നങ്ങളും പുറത്തിറക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ചടങ്ങില്‍ മില്‍മ യൂണിഫോമിന്‍റെ അവതരണവും നടന്നു. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റര്‍ സിനില ഉണ്ണികൃഷ്ണന്‍, ടിആര്‍സിഎംപിയു എംഡി രാരാരാജ് ആര്‍ കെഎഎസ്, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ടി.എന്‍ വത്സലന്‍ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.
ശുദ്ധമായ മില്‍മ പനീറില്‍ പ്രത്യേക മസാലക്കൂട്ടുകളും ബ്രെഡ് ക്രംപ്സും ചേര്‍ത്തൊരുക്കുന്ന മില്‍മ പനീര്‍ പോപ്സ് പെരി പെരി, ചെട്ടിനാട് എന്നീ രണ്ട് വ്യത്യസ്ത ഫ്ളേവറുകളിലാണ് അവതരിപ്പിക്കുന്നത്. ഉറഞ്ഞ രൂപത്തില്‍ ലഭ്യമാകുന്ന ഈ റെഡി ടു കുക്ക് ഉല്‍പന്നം ആവശ്യാനുസരണം എണ്ണയിലോ എയര്‍ ഫ്രയറിലോ മിനിറ്റുകള്‍ക്കകം ചൂടാക്കി ഉപയോഗിക്കാം. ചായയ്ക്കൊപ്പവും മറ്റും ലഘുഭക്ഷണമായി ഉപയോഗിക്കാവുന്ന പനീര്‍ പോപ്സ് രുചിയും ആരോഗ്യവും ഒരുപോലെ നല്‍കുന്ന മില്‍മയുടെ പുതിയ ചുവടുവയ്പാണ്.
ശുദ്ധമായ പാലില്‍ ഗുണപ്രദമായ യോഗര്‍ട്ട് കള്‍ച്ചര്‍ ചേര്‍ത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഉല്‍പന്നങ്ങളാണ് മില്‍മ സ്വീറ്റന്‍ഡ് യോഗര്‍ട്ടും മില്‍മ ബ്ലൂബെറി ഫ്ളേവേര്‍ഡ് യോഗര്‍ട്ടും. തനതായ മധുരത്തിന്‍റെ സ്വാദിലുള്ളതാണ് സ്വീറ്റന്‍ഡ് യോഗര്‍ട്ട്. നവീനമായ പഴരുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ബ്ലൂബെറി ഫ്ളേവറില്‍ തയ്യാറാക്കിയതാണ് ബ്ലൂബെറി ഫ്ളേവേര്‍ഡ് യോഗര്‍ട്ട്.
ദഹനപ്രക്രിയ എളുപ്പമാക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രോബയോട്ടിക്സുകളാല്‍ സമ്പന്നമാണ് യോഗര്‍ട്ട്. ശരീരത്തിന് ആവശ്യമായ ഉയര്‍ന്ന ഗുണമേന്‍മയുള്ള പ്രോട്ടീനും കാല്‍സ്യവും ഇതിലൂടെ ലഭ്യമാകുന്നു. 2025-26 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരസംഘങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ബാറ്റില്‍ ഓഫ് ബാന്‍ഡ്സ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam