
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസും. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് ഈയാഴ്ച ഇന്ത്യയിലെ 100 മികച്ച പൊലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കി. അവരുടെ നേതൃത്വ പാടവം ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതാത് അധികാരപരിധികളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്.
കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പൊലീസ് മേധാവിമാരാണ് ഈ ബഹുമതിക്ക് അർഹരായത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് , കോട്ടയം ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐപിഎസ്, കാസർഗോഡ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഢി ഐപിഎസ് എന്നിവരാണ് കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്. 2016 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ആ ആനന്ദ് ഐപിഎസ് , പൊലീസ് സംവിധാനങ്ങളിൽ വളരെയധികം പുരോഗമനപരമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ജില്ലാ പൊലീസ് മേധാവിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ആകമാനവും , പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിലും കൊണ്ടുവന്ന നവീകരണ പ്രവർത്തനങ്ങൾക്കും , ഓഫീസ് പരിസ്ഥിതി സൗഹൃദമായി നിലനിർത്തൽ , പൊതു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഓഫീസ് സംവിധാനങ്ങളെ പരിഷ്കരിക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് നാല് ISO അംഗീകാരങ്ങൾ ഓഗസ്റ്റ് മാസത്തിൽ ലഭിക്കുകയുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam