
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് അന്നം ഊട്ടിയ അധ്യാപികമാർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്‍റെ ആദരം. പൊൻമുടി ഗവ. യു.പി സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരവ് നൽകിയത്. അധ്യാപകർക്കും സ്കൂളിലെ കുട്ടികൾക്കുമായി മന്ത്രി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിനിയായ പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ ദേവൻ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ശാലു പൗലോസ് എന്നീ അധ്യാപികമാരാണ് സ്കൂളിൽ പഠിക്കുന്ന തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണം നൽകുന്നത്. പൊന്മുടിയിൽ നിന്നും 26 കിലോമീറ്റർ അകലെ വിതുരയിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് ഈ അധ്യാപികമാർ. ദിവസേനയുള്ള ദീർഘദൂര യാത്രയ്ക്ക് പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയെയാണ് ഇവർ ആശ്രയിക്കുന്നത്. ഇതിലൂടെ ലാഭിക്കാൻ കഴിയുന്ന തുക കുട്ടികളുടെ അന്നത്തിനായി മാറ്റിവെയ്ക്കുകയാണിവർ. തോട്ടം മേഖലയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമല്ല, കുട്ടികളുടെ കുടുംബത്തിലുള്ള മറ്റുള്ളവർക്കും ഇവർ ഭക്ഷണം നൽകുന്നുണ്ട്.
തോട്ടം മേഖലയിലെ രക്ഷിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞെത്താൻ വൈകുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നുവർഷം മുമ്പ് സ്കൂളിൽ സായാഹ്ന ഭക്ഷണ പദ്ധതി തുടങ്ങിയിരുന്നു. സ്പോൺസർമാരുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടു പോയിരുന്നത്. എന്നാൽ, സ്പോൺസർമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പദ്ധതി നിലച്ചുപോകുമെന്ന ഘട്ടത്തിലാണ് ഈ അധ്യാപികമാർ ഈ ദൗത്യം ഏറ്റെടുത്തത്. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയ ശേഷം മിച്ചംപിടിച്ച തുകയായിരുന്നു ഭക്ഷണത്തിന് വേണ്ടി ചെലവഴിച്ചത്. തുടർന്നും സ്വന്തം പണം സ്വരൂപിച്ച് വിദ്യാർഥികൾക്ക് ഭക്ഷണമൊരുക്കുന്നു. ഇവരുടെ മാതൃകാപരമായ പ്രവർത്തനം വലിയ ചർച്ചയായി മാറിയതോടെയാണ് മന്ത്രി അധ്യാപകരെയും കുട്ടികളെയും വീട്ടിലേക്ക് ക്ഷണിച്ചത്. സ്കൂൾ സമയങ്ങളിൽ ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ഒരു ബസ് കൂടി അനുവദിക്കണമെന്ന അധ്യാപകരുടെ ആവശ്യവും മന്ത്രി പരിഗണിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെയും കരുതലിന്റെയും വലിയൊരു സന്ദേശമാണ് ഈ അധ്യാപക കൂട്ടായ്മ സമൂഹത്തിന് നൽകുന്നതെന്ന് അധ്യാപികമാരെ പൊന്നാടയണിയിച്ചുകൊണ്ട് മന്ത്രി സി.പി ജോൺ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും നിഷേധാത്മകമായ വാർത്തകളും അപചയങ്ങളും ചർച്ചയാകുമ്പോൾ, യാതൊരുവിധ പ്രചാരണ ആഗ്രഹങ്ങളുമില്ലാതെ നിശബ്ദമായി സേവനം അനുഷ്ഠിക്കുന്ന ഇവർ പുതിയ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്. സമൂഹത്തിന് ഭാരമാകുന്ന പ്രവണതകൾക്ക് വിരുദ്ധമായി, സ്വന്തം വിയർപ്പും കരുതലും കൊണ്ട് സ്നേഹത്തിന്റെ പുതിയൊരു പാഠം തീർക്കുകയാണ് ഈ മൂന്ന് അധ്യാപികമാരെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam