കെട്ടിട്ടത്തിൻ്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

By Web TeamFirst Published Sep 27, 2021, 11:18 AM IST
Highlights

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്/തിരുവനന്തപുരം: കോഴിക്കോട്  തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അശ്രദ്ധയാണ് പൊറ്റമ്മലിലെ കെട്ടിട അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ 304 എ, 308 വകുപ്പുകൾ ചുമത്തി പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. കെട്ടിട ഉടമയെയും, നിർമ്മാണ കമ്പനി അധികൃതരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിലവിൽ അഞ്ച് പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. 

ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കെട്ടിട നിർമാണ തൊഴിലാളികളും തമിഴ്നാട് സ്വദേശികളുമായ കാർത്തിക് (22), സലീം (26) എന്നിവരാണ് മരണപ്പെട്ടത്. തങ്കരാജ് (32), ഗണേഷ് (31), ജീവാനന്ദം (22) എന്നീ തൊഴിലാളികളാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽപ്പെട്ടു. കാർത്തിക്,സലീം എന്നിവരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്വകാര്യ വസ്ത്രവ്യാപാര ശാലയ്ക്കായി തിരുപ്പൂർ ആസ്ഥാനമാായ നിർമ്മാണ കമ്പനിയാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടം പോലീസും ഫയർഫോഴ്സും വിശദമായി പരിശോധിച്ചു. മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
 

click me!