സ്പ്രിംക്ലര്‍: ലോകത്ത് ഒരു കാര്യവും രഹസ്യമല്ലെന്നും വിവാദത്തിൽ കാര്യമില്ലെന്നും മന്ത്രി ഇപി ജയരാജൻ

By Web TeamFirst Published Apr 18, 2020, 3:06 PM IST
Highlights

മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംക്ലര്‍ വിവാദമാക്കുകയാണെന്നും ഇപി ജയരാജൻ

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദം കത്തിപ്പടരുന്നതിനിടെ ആരോപണങ്ങളിൽ കാര്യമില്ലെന്ന വാദവുമായി മന്ത്രി ഇപി ജയരാജൻ. വ്യക്തികളുടെ വിവരങ്ങൾ ചോരുമെന്ന ആരോപണത്തിൽ കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തിൽ ഒരു കാര്യവും രഹസ്യമില്ലെന്നും വ്യക്തമാക്കി. 

എന്ത്  വിവരം വേണമെങ്കിലും  പരസ്യമാക്കാവുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. എന്നാൽ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ളർ വിവാദമാക്കുകയാണെന്നും ഇപി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ ധനമന്ത്രി തോമസ് ഐസകും സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാർ സുതാര്യമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ വിവാദത്തിൽ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്. ലാവ്ലിനേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി.  ഇടപാട് സിപിഎം നയത്തിന് എതിരാണ്. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതിനിടെ പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായുള്ള എക്സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധമുണ്ടോയെന്ന് പിടി തോമസ് ചോദിച്ചു. എക്സാലോജികിന്‍റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്. ഇത് സംശയത്തിന് ഇട നൽകുന്നുവെന്നും പിടി തോമസ് പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായാണ് എക്സാലോജിക് കമ്പനി പ്രവർത്തിക്കുന്നത്. 2014 മുതൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. എന്നാൽ ഇപ്പോൾ പെട്ടെന്ന് കമ്പനിയുടെ വെബ് അക്കൗണ്ട്  സസ്പെന്‍റ്  ചെയ്ത നിലയിലാണ്. സ്പ്രിംക്ലര്‍ വിവാദവും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

click me!