
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ വിഴിഞ്ഞത്ത് സര്‍വ്വകക്ഷിയോഗം ചേരുന്നു. വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു സമരക്കാരുടെ ശ്രമമെന്നാണ് എഫ്ഐആർ പറയുന്നത്.
ശനിയാഴ്ചയിലെ സംഘർഷത്തിൽ വിഴിഞ്ഞം സമരസമിതി പ്രവർത്തകൻ സെൽറ്റനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ മുത്തൻ, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു. വൈദികനെ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വ്യാജ സന്ദേശം പ്രചരിച്ചതോടെ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേർ വിഴിഞ്ഞം സ്റ്റേഷൻ ഉപരോധിച്ചു. പൊലീസിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സമരക്കാർ സ്റ്റേഷനിലേക്ക് ഇരച്ചു കയറി. വാഹനങ്ങള്‍ തല്ലിത്തകർത്തു. സ്റ്റേഷനിലെ രേഖകള്‍ വലിച്ചുവാരിയെറിഞ്ഞു. ഫോർട്ട് അസി. കമ്മീഷണര്‍ ഷാജിയെയും പ്രൊബേഷൻ എസ് ഐ ലിജോ പി മണിയെയും ആക്രമിച്ചു. എസ്ഐയുടെ കാലിൽ കോണ്‍ക്രീറ്റ് കഷണമെടുത്തിട്ടു. ഗുരുതരമായി പരിക്കേറ്റ എസ്ഐക്ക് ശസ്ത്ര ക്രിയ നടത്തി. സ്റ്റേഷൻ പരിസരം യുദ്ധക്കളമായി.
അക്രമിസംഘങ്ങള്‍ സമീപത്തെ സിസിടിവികള്‍ ഇന്നലെ തന്നെ തിരിച്ചുവച്ചിരുന്നു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ തൽക്കാലം നിയന്ത്രണവിധേമായ സാഹചര്യത്തിൽ വീണ്ടുമൊരു അറസ്റ്റിലേക്ക് ഉടനെ പോകേണ്ടെന്നാണ് പൊലീസ് ഉന്നതങ്ങളിലെ ധാരണ. പിടിച്ചവരെ പോലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിലും സ്റ്റേഷൻ ആക്രമണക്കേസിലെ മെല്ലെപ്പോക്കിലും സേനയിൽ കടുത്ത അമർഷമുണ്ട്. ഇന്നലത്തെ സംഭവത്തിൽ പൊലീസിന്‍റെ വീഴ്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്. സെൽട്ടനെ വിഴിഞ്ഞം സ്റ്റേഷനിൽ കൊണ്ടുപോയത് തിരിച്ചടിയായി. ആർച്ച് ബിഷപ്പിനെ ഒന്നം പ്രതിയാക്കിയതിന് പിന്നാലെ കൂടുതൽ സംഘർഷമുണ്ടാകുമെന്ന് കരുതിയുള്ള നടപടിയും പൊലീസിൽ ഉണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam