കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

Published : Jul 30, 2026, 04:21 AM IST
anoop jacob

Synopsis

റേഷൻ വിതരണത്തിലെ ഇ-പോസ് മെഷീൻ തകരാറുകൾ പരിഹരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അടിയന്തര യോഗം വിളിച്ചു. നെറ്റ്‌വർക്ക് തകരാർ, കാലഹരണപ്പെട്ട റൗട്ടർ, സ്റ്റോറേജ് പരിധി കവിഞ്ഞത് എന്നിവയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. ഓണക്കാലത്ത് വിതരണം തടസ്സപ്പെടാതിരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഓണക്കാലത്ത് ഇ പോസ് മെഷീൻ തടസമില്ലാതെ പ്രവർത്തിക്കാൻ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജൂലൈ 20 നു ഇ പോസ് മെഷീൻ നെറ്റ്‌വർക്ക്‌ തകറാറിലായി റേഷൻ വിതരണം തടസപ്പെട്ടു കടകൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിച്ചത്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ നടപടിവേണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മന്ത്രി നിർദേശം നൽകി.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി), ഐ.ടി. മിഷൻ, ഭക്ഷ്യവകുപ്പിലെ റേഷൻ, ഐടി സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു. കണക്റ്റിവിറ്റി, നെറ്റ്‌വർക്ക്‌ വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ സേവനദാതാക്കളുടേയും അടിയന്തര യോഗം വിളിച്ചു ചർച്ചനടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കു മന്ത്രി നിർദേശം നൽകി. ആധാർ ബന്ധിത പൊതുവിതരണ ആപ്ലിക്കേഷൻ (എഇപിഡിഎസ്) സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയം അപ്രതീക്ഷിതമായി തടസപ്പെട്ടതാണു കാരണമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന ഡാറ്റാ സെന്ററും പൂങ്കുളത്തെ ദേശീയ ഡാറ്റാസെന്ററും (എൻഐസി) തമ്മിലുള്ള കണക്റ്റിവിറ്റി തടസപ്പെട്ടത് എഇപിഡിഎസ് ആപ്ലിക്കേഷൻ സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയത്തെ ബാധിച്ചു.

എഇപിഡിഎസ് ആപ്ലിക്കേഷൻ, ഇ പോസ് ഇടപാടുകൾ, ആധാർ പ്രാമാണീകരണ സേവനങ്ങൾ എന്നിവയിലാണു പലപ്പോഴും തടസം വരുന്നത്. ദീർഘകാല പരിഹാരമെന്ന നിലയിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്ന് മറ്റൊരു നെറ്റ്‌വർക്കിലേക്ക് ഡാറ്റ കൈമാറാനുള്ള ഉപകരണമായ റൗട്ടർ പുതിയതു വാങ്ങേണ്ടതുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഡാറ്റ ഏതുവഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നു തീരുമാനിക്കുന്ന റൗട്ടറിന്റെ പഴക്കം ഡാറ്റാ വിതരണത്തെ ബാധിക്കുന്നുണ്ട്. എങ്കിലും ഓണക്കാലത്ത് തൽക്കാല പരിഹാരത്തിനായി ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ഒപ്പം പുതിയ റൗട്ടർ വാങ്ങുമെന്നും എൻഐസി സയന്റിസ്റ്റ് ശിവപ്രകാശ് വസ്ട്രാഡ മറുപടി നൽകി.

സർവറുകളും സ്റ്റോറേജ് ഉപകരണങ്ങളും തമ്മിൽ അതിവേഗത്തിൽ ഡാറ്റ കൈമാറാൻ ഉപയോഗിക്കുന്ന സ്റ്റോറേജ് ഏരിയ നെറ്റ്‌വർക്കിൽ (എസ്എഎൻ) പൊതുവിതരണ വിവരങ്ങളുടെ ഡാറ്റാ പരിധി കവിഞ്ഞു. 2018 ൽ വാങ്ങിയ എസ്എഎൻ ആണ് നിലവിലുള്ളത്. പുതിയതു വാങ്ങാൻ എസ്റ്റിമേറ്റ് എടുക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഎൻ സ്റ്റോറേജ് കവിഞ്ഞതായി 2025 ൽ അന്നത്തെ പൊതുവിതരണ സെക്രട്ടറിയ്ക്കു കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യം അടിയന്തരമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'
നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ, പ്രതികരണ ശേഷിയുള്ള ജനതയെ വേണമെന്ന് താരം