
കൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനത്ത് ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കെഎസ്ഐഎൻസിയും ഇഎംസിസി കമ്പനിയും തമ്മിൽ ഒപ്പിട്ടത് കപ്പലുണ്ടാക്കാനുള്ള ധാരണാപത്രത്തിലാണ്. അത് റദ്ദാക്കുകയും ചെയ്തു. ഇഎംസിസി പറയുന്നത് പോലെ ഒരു കരാർ ഇല്ല. അത്തരത്തിൽ രേഖകളില്ല, ഒന്നും ഉണ്ടായിട്ടില്ല. കരാറേ ഇല്ലാതിരിക്കെ, എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നൽകാനില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വിവരങ്ങൾ ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് ടിഎൻ പ്രതാപൻ എംപി പറഞ്ഞു. മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോഴാണ് ചർച്ച നടന്നത്. മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. കൈയ്യോടെ പ്രതിപക്ഷം പിടിച്ചില്ലായിരുന്നുവെങ്കിൽ 5000 കോടിയുടെ എംഒയു കരാർ ആകുമായിരുന്നു. ഓരോ ഫയലും പഠിച്ചിട്ടാണ് പ്രതിപക്ഷം ഇതിൽ ഇടപെട്ടത്. എംഒയുവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുക കൈപ്പറ്റിയിട്ടുണ്ട്. അത് തിരികെ കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എൽഡിഎഫ് ഉപയോഗിക്കുന്നത് ആഴക്കടൽ മത്സ്യബന്ധന അഴിമതി പണം കൂടിയുണ്ടെന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അമേരിക്കൻ പൗരന്മാരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിൽ വെച്ച് ചർച്ച നടത്തി. കേന്ദ്ര ഏജൻസി അന്വേഷിക്കണം. ആദ്യം പ്രതിയാവുക മുഖ്യമന്ത്രി തന്നെയായിരിക്കും. കണ്ണിൽ പൊടിയിടാനാണ് കെഎസ്ഐഎൻസി എംഡിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞല്ലെന്ന വാദത്തെ ഖണ്ഡിക്കുന്ന രേഖകളെ കുറിച്ചുള്ള ചോദ്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരാവകാശ നിയമ പ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായിവിവിധി ഘട്ടങ്ങളില്‍ അമേരിക്കന് കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ്ഐെന്‍സി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam