റംസാൻ നോമ്പിന്‍റെ വരവും വേനൽ ചൂട് ഉയരുന്നതും പഴവിപണിയിലും വിലക്കയറ്റം രൂക്ഷമാകുന്നു

തൃശൂർ: റംസാൻ നോമ്പിന്‍റെ വരവും വേനൽ ചൂട് ഉയരുന്നതും പഴവിപണിയിലും വിലക്കയറ്റം രൂക്ഷമാകുന്നു. സീസണല്ലെങ്കിലും ചൂട് വർദ്ധിച്ചതു കാരണം ആപ്പിൾ, അനാർ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്കെല്ലാം വലിയ തോതിലാണ് വില ഉയർന്നത്.നോമ്പ് മാസത്തിൽ ആരോഗ്യകരമായ ഭക്ഷണത്തിനായും, ഇഫ്താർ വിരുന്നിലും പഴവർഗ്ഗങ്ങളാണ് കൂടുതൽ ഉപയോഗിക്കുക. വില വർദ്ധന സാധാരണക്കാരന്റെ കീശ ചോരുന്ന അവസ്ഥയാണുള്ളത്. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാൻഡ്, ഇറ്റലി, യു.എസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ആപ്പിളുകളാണ് വിപണിയിലുള്ളത്. കിലോയ്ക്ക് 200 മുതൽ 280 രൂപ വരെയാണ് വില. നേരത്തെ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യൻ ആപ്പിളുകളുടെ സ്ഥാനത്താണ് ഈ കൊള്ളവില. വില വർദ്ധന കാരണം പല ചെറുകിട കച്ചവടക്കാരും ആപ്പിൾ വിൽപന നിർത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആയതിനാലും റംസാൻ ലക്ഷ്യമിട്ട് കർഷകർ വിളവെടുപ്പ് വൈകിപ്പിക്കുന്നതിനാലും പൈനാപ്പിൾ വില 50-ൽ നിന്ന് 80-ലേക്ക് ഉയർന്നു. അനാറിന് 230 രൂപയും പേരക്ക 120 രൂപ വരെയുമാണ് നിലവിലെ വില. വേനൽ കടുത്തതോടെ തണ്ണിമത്തൻ വിപണിയിൽ സജീവമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതിനും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. അതേസമയം വെള്ളമുന്തിരി 140, കറുത്ത മുന്തിരി 160 , കിനുഓറഞ്ച് 100 എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് വിലയിൽ മാറ്റമില്ലാത്തത് ആശ്വാസമാണ്. ചൂടിലേക്ക് കടന്നത്തോടെ പഴങ്ങൾ വേഗത്തിൽ നശിച്ചുപോകുന്നത് വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.