
എറണാകുളം: കുന്നത്തുനാട് പാരിയത്തുകാവ് കോളനിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കോളനി പ്രദേശം സന്ദർശിച്ച്, അവിടുത്തെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം കോളനി നിവാസികളുടെ പ്രതിനിധികൾ സെക്രട്ടറിയേറ്റിലെത്തി മന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ചിരുന്നു.
കോളനിയിലെ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം റവന്യൂ വകുപ്പുമായി ആലോചിച്ച് പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ 10 വർഷം ഭരിച്ച എൽഡിഎഫ് സർക്കാർ ആദ്യഘട്ടത്തിൽത്തന്നെ ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രശ്നം ഇത്രത്തോളം സങ്കീർണമാകില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, വി പി സജീന്ദ്രൻ എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം മുൻ സർക്കാരിനെതിരായ ആരോപണം പാടെ തള്ളുകയാണ് സിപിഎം. പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ സർക്കാർ സ്വീകരിച്ചത് ജനപക്ഷ നിലപാടായിരുന്നുവെന്ന് മുൻ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. 1970കൾ മുതൽ ആരംഭിച്ച ഒരു സിവിൽ കേസിൻ്റെ പശ്ചാത്തലത്തിൽ, സുപ്രീം കോടതി വിധി വന്നപ്പോൾ പോലും ജനങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത് എന്ന നിലപാടാണ് മുൻ സർക്കാർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
19 ഏക്കർ ഭൂമിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ ഒരു സർവേ നടപടികൾക്കും തുടക്കം കുറിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു. ആ സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുകയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ചെയ്യേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ്, പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂരമായി കൈയേറ്റം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പി രാജീവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam