
തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന വ്യാപകമാക്കി.
സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി. 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും നൽകി. കൂടാതെ 623 ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സര്‍വേലന്‍സ് സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക പ്രാധാന്യമാണ് പരിശോധനയിൽ നൽകുന്നത്.
ഇവയുടെ ലേബൽ വിവരങ്ങൾ, നിർമാണ- കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം, നിയമാനുസൃത ലേബലിംഗ് തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ചു ഗുണനിലവാരം ഉറപ്പ് വരുത്തും.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധനകൾ ശക്തമാക്കി. പ്രത്യേകിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന ഭക്ഷ്യസംരംഭങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടക്കുന്നുണ്ട്.
ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില നിയന്ത്രണം, സുരക്ഷിതമായ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, ഭക്ഷണത്തിന്റെ ശരിയായ ലേബലിംഗ് എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്.അതോടൊപ്പം, ഓൺലൈൻ പര്‍ച്ചേസിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിതരണ കേന്ദ്രങ്ങളില്‍ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കും.
ഇവിടെ സൂക്ഷിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യങ്ങൾ, കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ലേബലിംഗ്, ബാച്ച് വിവരങ്ങൾ എന്നിവ പ്രത്യേകം പരിശോധിക്കുന്നുണ്ട്.
ഓണക്കാലത്തെ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനായി ഈറ്റ് റൈറ്റ് കേരളം - സേഫ് ഓണം (Eat Right keralam - safe onam) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിലെ 14 ജില്ലകളിലും ഹോട്ടൽ ,കാറ്ററിംഗ് സ്ഥാപനങ്ങൾ നടത്തുന്നവർ, ബേക്കറി ഉടമകൾ മറ്റു ഭക്ഷ്യ സംരംഭകർ എന്നിവർക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പാലിക്കേണ്ട ഭക്ഷ്യ സുരക്ഷ ശുചിത്വ മാനദണ്ഡങ്ങളെ കുറിച്ച് മുൻകരുതൽ നടപടിയായി പരിശീലനവും ബോധവത്കരണവും നൽകിയിരുന്നു. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമായി തുടരാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam