തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബിയർ കുപ്പിയേറ് നടന്നു. ഇതിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അതിക്രമം. ഓഫീസിനു നേരെ ബിയർ കുപ്പി എറിയുകയായിരുന്നു. തമ്പാനൂർ ഉള്ള മാരാർജി ഭവന് നേരെയാണ് ബിയർ കുപ്പി എറിഞ്ഞത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കുപ്പി എറിഞ്ഞത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് വരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബിജെപി, യുവമോർച്ച - കോൺഗ്രസ് സംഘർഷം ഒരുവശത്ത് നടക്കവേയാണ് ഇന്ന് തലസ്ഥാനത്ത് എസ്എഫ്ഐ - കെഎസ്‍യു പ്രശ്നം സംഘർഷത്തിലേക്ക് വഴിമാറിയത്. കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും എന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.
അതേസമയം, യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ വൈകുന്നേരം അഞ്ച് മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും. തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.
എസ്എഫ്ഐ പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ കയറി പൊലീസ് മര്‍ദ്ദിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സ്ഥലത്തെത്തിയിരുന്നു. ആസൂത്രിതമായ മര്‍ദനമാണ് നടന്നതെന്നും യുഡിഎഫ് ഭരിക്കുമ്പോള്‍ ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളേജിനെയും ലക്ഷ്യമിടാറുണ്ടെന്നും പിണറായി പറഞ്ഞു. എസ്എഫ്ഐക്കാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടനയും ചെയ്യാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. എഡിജിപി പി. വിജയനും സ്ഥലത്തെത്തി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുകയാണെന്നും ആരോപിച്ചു.


