'ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട, കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്കില്ല': മന്ത്രി കെ രാധാകൃഷ്ണൻ

Published : Sep 19, 2023, 11:43 AM ISTUpdated : Sep 19, 2023, 12:05 PM IST
'ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട, കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്കില്ല': മന്ത്രി കെ രാധാകൃഷ്ണൻ

Synopsis

അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട.  മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

തൃശൂർ: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. 

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍; അതേ വേദിയില്‍ മറുപടിയും നല്‍കി

"ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍" - മന്ത്രി വിവരിച്ചു.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. "ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്ക് അയിത്തമാണ് നിങ്ങള്‍ കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവുപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മളെ അയിത്തം കല്‍പ്പിക്കുകയാണ്. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു" - മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=JGJlJyZYIZw

https://www.youtube.com/watch?v=Ko18SgceYX8
 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു