Latest Videos

'ആ കുഞ്ഞു ഹൃ‍ദയത്തിന് കരുതലേകാന്‍ മന്ത്രിയെത്തി'; ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്

By Web TeamFirst Published Apr 27, 2019, 11:17 AM IST
Highlights

കുഞ്ഞിന്‍റെ ആരോഗ്യ നിലയലില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി:  പ്രാര്‍ത്ഥനകളും കരുതലും വിഫലമായില്ല. ആ കുരുന്നു ഹൃദയം വീണ്ടും സാധാരണ നിലയലില്‍ മിടിച്ച് തുടങ്ങി. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്കായി പിഞ്ചുകുഞ്ഞിനെയും കൊണ്ട്  മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തുന്നതുവരെ കേരളം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിന്‍റെ സന്തോഷത്തിലാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം കേരള ജനതയും. ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരോടും മന്ത്രി നന്ദി അറിയിച്ചു. 
കുഞ്ഞിന്‍റെ ആരോഗ്യ നിലയലില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

ഹൃദയ ചികിത്സ കഴിഞ്ഞ കുട്ടികള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ഹൃദ്യം പദ്ധതി കൂടെയുണ്ടാകും. കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടയാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയത്. സര്‍ക്കാര്‍ ഏഴ് ആശുപത്രികളില്‍ ഹൃദ്യം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഹൃദയരോഗം മൂലമാണ് സംസ്ഥാനത്ത് 25 ശതമാനം കുട്ടികള്‍ മരിക്കുന്നത്. രോഗം കണ്ടെത്തുന്നവര്‍ ഹൃദ്യം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 2020-ഓടെ ശിശുമരണ നിരക്ക് 10ല്‍ നിന്നും എട്ടിലേക്ക് എത്തിക്കാനാണ് ലക്ഷ്യമെന്നും ഇതുവരെ 1341 കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതി വഴി പ്രയോജനം ലഭിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഏപ്രില്‍ 16-നാണ് പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയിച്ചതോടെ കുഞ്ഞിന്‍റെ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ട്യൂബിലൂടെയാണ് മുലപ്പാല്‍ നല്‍കുന്നത്. ശനിയാഴ്ചയോടെ കുഞ്ഞിന് നേരിട്ട് മുലപ്പാല്‍ നല്‍കാനാകുമെന്നും പത്ത്  ദിവസത്തിനകം കുഞ്ഞിന് ആശുപത്രി വിടാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

click me!