'ആരായാലും നിയമവും ചട്ടവും പാലിക്കണം', കെഎസ്ഇബിയിലെ ഇടത് നേതാവിനെതിരായ നടപടി ശരിവെച്ച് വൈദ്യുതി മന്ത്രി

Published : Apr 06, 2022, 04:15 PM ISTUpdated : Apr 06, 2022, 04:16 PM IST
'ആരായാലും നിയമവും ചട്ടവും പാലിക്കണം', കെഎസ്ഇബിയിലെ ഇടത് നേതാവിനെതിരായ നടപടി ശരിവെച്ച് വൈദ്യുതി മന്ത്രി

Synopsis

പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍‍ക്ക് ഡയസ്‌നോൻ ബാധകമാക്കിയ നടപടിയിൽ പുനഃ പരിശോധന നടത്താൻ ചെയർമാന് നിർദേശം നൽകിയതായും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. 

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയ‍ര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നറിയിച്ച മന്ത്രി ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വ്യക്തമാക്കി. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ചെയര്‍മാന് മാത്രമല്ല ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാൻ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍‍ക്ക് ഡയസ്‌നോൻ ബാധകമാക്കിയ നടപടിയിൽ പുനഃ പരിശോധന നടത്താൻ ചെയർമാന് നിർദേശം നൽകിയതായും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. 

'ചട്ടംലംഘിച്ച് സമരത്തിനാഹ്വാനം ചെയ്തു' ഇടത് സംഘടനാ നേതാവിനെ സസ്പെന്റ് ചെയ്ത് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം:കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്പെൻഷൻ. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയാണ് ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ. 

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. കെഎസ് ഇബി ചെയർമാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്പെൻഷൻ നടപടിയിലൂടെ ചെയ‍‍ര്‍മാൻ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. തുടർ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു. സസ്പെൻഷൻ നടപടിക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാ‍ര്‍ പ്രതിഷേധിക്കുകയാണ്. 

കെഎസ്ഇബി ചെയര്‍മാനും വൈദ്യുതി ബോര്‍ഡിലെ സിപിഎം അനുകൂല ഓഫീസേഴ്സ് സംഘടനയും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. ഡയസ്നോണ്‍ ഉത്തരവ് തള്ളി വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ സിപിഎം അനുകൂല ഓഫീസേഴ്സ് സംഘടന അര്‍ദ്ധദിന സത്യഗ്രഹം  നടത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ  ജാസ്മിന്‍ബാനുവിന്‍റെ സസ്പെന്‍ഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതിന്‍റെ പേരിലായിരുന്നു സസ്പെന്‍ഷന്‍.

എന്നാല്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന്‍ അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സസ്പെന്‍ഷൻ പിന്‍വിലക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഈ സമരമാണ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷനിലേക്ക് വഴിവെച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു
മണ്ണാർക്കാട് കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം