
കണ്ണൂര്‍ : കണ്ണൂരിൽ കണ്ണവം കാടിനുള്ളിൽ കാണാതായി പിന്നീട് കണ്ടെത്തിയ കുഞ്ഞുമിടുക്കനെ ചേർത്ത് നിർത്തി മന്ത്രി എം വി ഗോവിന്ദൻ. ഉരുൾ പൊട്ടുന്ന ശബ്ദം കേട്ടാണ് അർഷലെന്ന എട്ടുവയസ്സുകാരൻ വീട്ടിൽ നിന്ന് ഇറങ്ങിയോടിയത്. ഓട്ടത്തിൽ അവൻ തനിക്ക് സ്കൂളിൽ നിന്ന് കിട്ടിയ ട്രോഫികളും കൈയ്യിലെടുത്തിരുന്നു.
ഓട്ടത്തിൽ ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും പിന്നീട് അർഷൽ തനിച്ചായി. കണ്ണവം കാട്ടിനുള്ളിൽ അകപ്പെട്ട കുട്ടിയെ ബന്ധുക്കൾ രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കാട്ടിനുള്ളിലും ക്ഷമയോടെ ധീരതയോടെ അവൻ തന്നെ തേടിയെത്തുന്നവരെ കാത്തിരുന്നു. ഉരുൾ പൊട്ടലിൽ നിന്ന് ഇറങ്ങിയോടി മഴയിലും ഇരുട്ടിലും ഒറ്റയ്ക്കായെങ്കിലും ധീരത കൈവിടാതിരുന്ന അർഷലിനെ അഭിനന്ദിക്കുകയാണ് മന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അർഷലിനെ ചേർത്ത് നിർത്തിയ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.
കണ്ണൂർ കൊമ്മേരി ഗവൺമന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അർഷൽ. അർഷൽ നമുക്കൊരു മാതൃകയാണ്, മഴക്കെടുതി ഉൾപ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാൻ എന്ന് മന്ത്രി കുറിച്ചു.
മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് അർഷൽ, ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കൻ. ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരൻ വീട്ടിൽ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തനിക്ക് സമ്മാനമായി കിട്ടിയ ട്രോഫികളും എടുത്തായിരുന്നു ആ ഓട്ടം. തുടക്കത്തിൽ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അർഷലിനെ ഒറ്റയ്ക്കാക്കി. കണ്ണവത്തെ കൊടുംവനത്തിലെ കൂരാക്കൂരിരുട്ടിൽ ആ പെരുമഴയത്ത് അവൻ കാത്തിരുന്നു, തനിച്ച്. രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അർഷലിനെ ബന്ധുക്കൾക്ക് കാട്ടിൽ കണ്ടെത്താനായത്. കണ്ണൂർ കൊമ്മേരി ഗവൺമന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അർഷൽ. ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാർഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ എട്ട് വയസുകാരൻ. അർഷൽ നമുക്കൊരു മാതൃകയാണ്, മഴക്കെടുതി ഉൾപ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാൻ…
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam