
തിരുവനന്തപുരം: പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി എംബി രാജേഷ്. വിഡി സതീശൻ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുൻപ് documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ല. കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപം ജാള്യതയാവാം. അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർണാടകയിലെ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാവിനും എംഎൽസിക്കും സ്പിരിറ്റ് കമ്പനിയുണ്ട്. അവിടെ നിന്നാണ് കേരളത്തിൽ മദ്യനിർമ്മാണത്തിന് സ്പിരിറ്റ് എത്തുന്നത്. കേരളത്തിൽ തന്നെ എഥനോൾ ഉൽപ്പാദിപ്പിച്ചാൽ കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കച്ചവടം ഇടിയുമെന്നതിനാലാണ് കേരളത്തിൽ പ്രതിപക്ഷം പദ്ധതിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് മദ്യ നിർമ്മാണശാല അനുമതിയിൽ വിശദമായ വിശദീകരണം സർക്കാർ നൽകിയതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. എല്ലാ ക്യാബിനറ്റ് രേഖയും ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന അന്ന് മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരിച്ച് കൂസലില്ലാതെ കള്ളം പറയുകയാണ്. നയം മാറ്റം ഒരു കമ്പനി മാത്രം അറിഞ്ഞെന്ന് പച്ചക്കള്ളം പറയുന്നു. 2022-23 ലെ മദ്യനയത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതും അതിനോട് പ്രതിപക്ഷ നേതാക്കൾ അടക്കം പ്രതികരിച്ചതുമാണ്.
ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും തിടുക്കത്തിൽ ബ്രൂവറിക്ക് അനുമതി നൽകിയെന്ന ആരോപണവും ശരിയല്ലെന്നും മന്ത്രി വിശദീകരിച്ചു. 30/11/23 ലാണ് ആദ്യ അപേക്ഷ വരുന്നത്. 10 ഘട്ട പരിശോധന പൂർത്തിയാക്കിയാണ് അനുമതി നൽകിയത്. മന്ത്രിക്ക് മുന്നിൽ എത്തിയപ്പോൾ ജല ലഭ്യത ഉറപ്പാക്കാൻ ഫയൽ തിരിച്ചയച്ചു. അതും കഴിഞ്ഞാണ് മന്ത്രിസഭായോഗത്തിൽ ഫയലെത്തിയതും അനുമതി നൽകിയതും. ഒരു തുള്ളി ഭൂഗർഭ ജലം ബ്രൂവറിക്കായി എടുക്കില്ല, അതിന്റെ ആവശ്യവും വരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു വർഷം കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് മലമ്പുഴ അണക്കെട്ടിൽ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.6 ശതമാനം വെള്ളം മാത്രമാണ്. ജല അതോറിറ്റി പ്രത്യേകം കൊടുക്കുന്നതല്ല വെള്ളം. അഞ്ചേക്കറിൽ മഴവെള്ള സംഭരണി പദ്ധതിയിൽ തന്നെ ഉണ്ട്. എലപ്പുള്ളിയിലും വടകരപ്പതിയിലും മഴവെള്ള സംഭരണം നടക്കുമോ എന്ന് പരിശോധിക്കാൻ മാധ്യമങ്ങടക്കം എല്ലാവരെയും ക്ഷണിക്കുന്നു. വിശദീകരിച്ചാൽ തീരാവുന്ന ആശങ്കയേ സിപിഐക്ക് ഉള്ളൂ. ബിനോയ് വിശ്വത്തെ കണ്ടപ്പോഴും കാര്യങ്ങൾ ഇത്ര വിശദീകരിച്ചിരുന്നില്ല. വിശദീകരിച്ചാൽ കാര്യങ്ങൾ ആർക്കും ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam