
തിരുവനന്തപുരം: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിലവിലുള്ള എബിസി (Animal Birth Control) ചട്ടങ്ങൾ അപ്രായോഗികമാണെന്ന സുപ്രീം കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ മൂന്ന് വർഷമായി താനിത് ആവർത്തിച്ചു പറഞ്ഞിട്ടും മാധ്യമങ്ങൾ അത് അവഗണിച്ചെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എബിസി ചട്ടങ്ങൾ അസംബന്ധമാണെന്നും, തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ:
ഒടുവിൽ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. എബിസി ചട്ടങ്ങൾ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഇക്കാര്യം ഇവിടെ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയോ പത്രസമ്മേളനങ്ങളിൽ എബിസി ചട്ടങ്ങളിലെ തീർത്തും അപ്രായോഗികവും അർഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞപ്പോഴൊന്നും നമ്മുടെ മാധ്യമങ്ങൾ കേട്ട ഭാവം നടിച്ചില്ല. മാധ്യമപ്രതിനിധികളോട് എബിസി ചട്ടം വായിക്കാനും അതെത്രമാത്രം അർഥശൂന്യമാണ് എന്ന നേര് ജനങ്ങളോട് പറയാനും അഭ്യർഥിച്ചു. ഒരനക്കവും ഉണ്ടായില്ല. എബിസി ചട്ടത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിഷ്ക്രിയമായിരിക്കുകയാണ് എന്ന് സ്ഥാപിക്കാൻ മാത്രമായിരുന്നു അവർ നിരന്തരം ശ്രമിച്ചുവന്നിരുന്നത്. സർക്കാരിനെ കടിച്ചുകീറാൻ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറയ്ക്കാനായിരുന്നു ചിലർക്ക് താത്പര്യം.
“ഒരു തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം ചെയ്ത് ആറുദിവസം ശുശ്രൂഷിച്ച് തിരിച്ച് അതേസ്ഥലത്ത് തന്നെ കൊണ്ടുചെന്നുവിടണം എന്ന എബിസി ചട്ടത്തിലെ വ്യവസ്ഥ എന്ത് വെളിവില്ലാത്ത നിബന്ധനയാണ്” എന്നാണ് ഇന്ന് സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചത്. അതിനെ തികച്ചും അസംബന്ധം എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരിക്കുന്നു. എന്ത് കാര്യത്തിനാണ് പിടിച്ച സ്ഥലത്തുതന്നെ പട്ടിയെ വിടണമെന്ന് പറയുന്നത് എന്നും കോടതി ചോദിക്കുന്നു.
നമ്മുടെ മാധ്യമങ്ങൾ ബോധപൂർവം ചോദിക്കാതെയും പറയാതെയുമിരുന്ന കാര്യം ഇന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. ഇക്കാര്യം വിശദമായി നിയമ ജേർണലായ ലൈവ് ലോ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതു നോക്കൂ. ‘വന്ധ്യംകരിച്ചതുകൊണ്ട് തെരുവുപട്ടി കടിക്കാതിരിക്കുന്നില്ല. ജനന നിയന്ത്രണത്തിന് മാത്രമേ വന്ധ്യംകരണം സഹായിക്കുകയുള്ളൂ. പട്ടികടിയെന്ന പ്രശ്നത്തിന് പരിഹാരമല്ല’ പറയുന്നത് കേന്ദ്രസർക്കാരിന്റെ സോളിസിറ്റർ ജനറലാണെന്ന് ഓർക്കണം. ഇതല്ലേ ഇത്രയും കാലം ഞങ്ങളിവിടെ പറഞ്ഞുകൊണ്ടിരുന്നത്. പിന്നെന്താണ് പരിഹാരം?
ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ രൂക്ഷമായ പട്ടികടി പ്രശ്നത്തിന്റെ പേരിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. അതിലിപ്പോൾ നൽകിയിട്ടുള്ള ഉത്തരവ് എല്ലാ തെരുവുപട്ടികളെയും ഉടനടി പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കണം എന്നാണ്. അതിന് കുറേ നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഷെൽട്ടറുകളിൽ അടയ്ക്കുക എന്നത് നാളെ കേരളത്തിന് ബാധകമാക്കിയാലും പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. കാരണം, എബിസി കേന്ദ്രം പോലും തുടങ്ങാൻ ഇവിടെ തടസം നാട്ടുകാരുടെ എതിർപ്പാണ്. അപ്പോൾ നൂറുകണക്കിന് പട്ടികളെ പാർപ്പിക്കുന്ന ഷെൽട്ടറുകൾ തുടങ്ങാൻ പോയാലോ.
പട്ടി കടിക്കാനും പാടില്ല, ഷെൽട്ടറോ എബിസി കേന്ദ്രമോ തുടങ്ങാനും പാടില്ല എന്നതാണല്ലോ ഇവിടെ പലരുടെയും മനോഭാവം. കേരളം പോലെ ഭൂമിയുടെ ലഭ്യത കുറഞ്ഞൊരു സ്ഥലത്ത് ലക്ഷക്കണക്കിന് പട്ടികളെ ഷെൽട്ടറിൽ പാർപ്പിക്കുക എന്നത് ദുഷ്കരം തന്നെയായിരിക്കും. എന്നാൽ ഇത്തരം നടപടികളെ (എബിസി കേന്ദ്രം, ഷെൽട്ടർ) തടസപ്പെടുത്തുന്നവരെ കർശനമായി നേരിടാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, മൃഗക്ഷേമ സംഘടനകളൊന്നും കേസുമായി കോടതിയിലേക്ക് വരേണ്ട എന്നും സുപ്രീംകോടതി പറഞ്ഞതായിട്ടാണ് മാധ്യമവാർത്തകളിൽ നിന്ന് അറിയുന്നത്. പ്രശ്നത്തിന്റെ രൂക്ഷത കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അർഥം.
കടിച്ചുകീറി എന്ന് വലിയ തലക്കെട്ട് കൊടുത്ത് കേരളത്തിൽ സർക്കാരിനെ പട്ടിപ്രശ്നത്തിൽ കടിച്ചുകീറാൻ നടന്നവർ, മറ്റെവിടെയും ഇങ്ങനൊരു പ്രശ്നമില്ല എന്നും സംസ്ഥാന സർക്കാർ കെട്ടഴിച്ചുവിട്ട പട്ടികളാണ് കേരളത്തിലേത് എന്ന മട്ടിലുമാണല്ലോ ഇതുവരെ അവതരിപ്പിച്ചിരുന്നത്. സുപ്രീംകോടതിയുടെ ഇടപെടലോടു കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ് ഇതേറ്റവും രൂക്ഷമായിരിക്കുന്നത് എന്ന വസ്തുത കൂടിയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ആ പ്രശ്നത്തിന് കൂടുതൽ ഫലപ്രദമായ പരിഹാരനിർദേശം ഇനിയുമുണ്ടാവേണ്ടിയിരിക്കുന്നു.