സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം: മന്ത്രി എംബി രാജേഷിൻ്റെ അധ്യക്ഷതയിൽ ചര്‍ച്ചകൾ തുടങ്ങി

Published : Jun 11, 2024, 07:53 PM IST
സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം: മന്ത്രി എംബി രാജേഷിൻ്റെ അധ്യക്ഷതയിൽ ചര്‍ച്ചകൾ തുടങ്ങി

Synopsis

നാളെ സംസ്ഥാനത്തെ ബാറുടമകൾ, ഡിസ്‌ലറി ഉടമകളുമായും മന്ത്രി ചർച്ച നടത്തുമെന്നാണ് വിവരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിൻ്റെ നേതൃത്വത്തിൽ തത്പര കക്ഷികളുമായി ചര്‍ച്ച തുടങ്ങി. ഇന്ന് കള്ള് ഷാപ്പ് ലൈസൻസികളുമായും ട്രേഡ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. നാളെ സംസ്ഥാനത്തെ ബാറുടമകൾ, ഡിസ്‌ലറി ഉടമകളുമായും മന്ത്രി ചർച്ച നടത്തുമെന്നാണ് വിവരം. അതിനിടെ ബാര്‍ കോഴ വിവാദത്തിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഇന്ന് വിഷയത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ചു. നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.

ബാർകോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്ന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ  അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈം ബ്രാഞ്ച്  ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് വിളിച്ചു വരുത്തുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.

വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും ഈ നമ്പറിലെ പ്രൊഫൈൽ  ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിന്റെ നിജസ്ഥിതി അടക്കം പരിശോധിക്കാൻ ആണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അർജുന്റെ ഭാര്യാപിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ ബാർകോഴ  വിവാദം രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള ശ്രമം ആണെന്നാണ് പ്രതിപക്ഷ വിമർശനം. കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ അനുമതി തേടിയ സമയത്ത് പ്രതിയെ വാദിയാക്കി കേസന്വേഷണമായി മുന്നോട്ടു പോവുകയാണ് ക്രൈംബ്രാഞ്ച് എന്നാണ് പ്രതിപക്ഷം പറഞ്ഞത്. നോട്ടീസ് അയക്കലും ചോദ്യം ചെയ്യലുമായി ക്രൈം ബ്രാഞ്ച് മുന്നോട്ടു പോകുമ്പോഴും വിവാദ ശബ്ദ സന്ദേശത്തിൽ പറയുന്ന പണമിടപാടിനെ സംബന്ധിച്ച് ഇതുവരെയും ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. ബാർ ഉടമകളുടെ സംസ്ഥാന പ്രസിഡന്റിനെ ചോദ്യം ചെയ്യാനും തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിനതടവ്
എൻഎച്ച് ഉദ്ഘാടന വിവാദം: 'മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്, ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു': കേന്ദ്രമന്ത്രി സുരേഷ് ​ഗോപി