
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. ഇതോടെ പതിവായി പൊങ്കാലയിടാറുള്ള സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ മറ്റിടങ്ങൾ തേടിപ്പോയി. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിൽ ഒരിടത്തും ഇക്കുറി അടുപ്പ് കൂട്ടാൻ ഇടം ഉണ്ടായിരുന്നില്ല.
പൊങ്കാലയ്ക്ക് മുൻപായി റോഡുകൾ മുഴുവൻ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒടുവിൽ പറഞ്ഞത് ഫെബ്രുവരി 12 നാണ്. പണി പൂർത്തിയാകാത്ത ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഫെബ്രുവരി 16 നാണ് വെക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. സംഭവിച്ചത് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മാത്രം. വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള റോഡിൽ മിക്കിടത്തും മുന്നറിയിപ്പ് ബോർഡ് മാത്രം സ്ഥാപിക്കപ്പെട്ടു. പലയിടത്തും റോഡി പണി പൂർത്തിയായിട്ടില്ല. പണി കിട്ടിയത് പൊങ്കാലയ്ക്ക് വന്നവരാണ്.
രാവിലെ നേരിയ മഴപെയ്തപ്പോൾ പൊങ്കാല ഇടാനെത്തിയവര്‍ ആശങ്കപ്പെട്ടു. മണ്ണുമൂടിയ റോഡുകളിലാണ് പലയിടത്തും അടുപ്പ്. ഭാഗ്യത്തിന് മഴ കനത്തില്ല. പൊങ്കാല പ്രമാണിച്ചാണ് റോഡ് പണി ത്വരിതഗതിയിലാക്കാൻ സമ്മർദം വന്നത്. പൊങ്കാല കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പണി നീളുമോ എന്നാണ് അറിയാത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam