
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍(Arya Rajendran)- കെ മുരളീധരന്‍ (K Muraleedharan) വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്(Muhammed Riyas). മേയര്‍ക്കെതിരായ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമാണെന്നും ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ആശയപരമായ പോരാട്ടം വ്യക്തിപരമാകരുത്. എല്ലാ പാര്‍ട്ടിയിലുള്ളവരും ഇത് ശ്രദ്ധിക്കണം. പരാമര്‍ശങ്ങള്‍ എല്ലാ നേതാക്കളും ശ്രദ്ധിക്കണം. ഇന്ന് വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് ഒരു പക്ഷേ നാളെ ഒന്നിക്കേണ്ടിവരും. അപ്പോള്‍ പരാമര്‍ശങ്ങള്‍ അതിന് തടസ്സമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ മുരളീധരന്‍ എംപിക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് നിയമോപദേശം തേടി കേസെടുക്കും. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയര്‍ പറഞ്ഞു. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിര്‍ത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരന്‍ ആക്ഷേപിച്ചിരുന്നു. മുരളീധരന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam