കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന് (Mayor Arya Rajendran) എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി (K Muraleedharan). പല പ്രഗല്‍ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു. താന്‍ കാരണം ആര്‍ക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ എംപിക്കെതിരെ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഖേദ പ്രകടനം.

YouTube video player

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് മുരളീധരൻ മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മുരളീധരന് അദ്ദേഹത്തിന്‍റെ സംസ്‍ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ല. തന്‍റെ പക്വത അളക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് നിയമോപദേശം വാങ്ങി കേസെടുക്കും.