അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് 'പിഡബ്ല്യൂഡി മതിൽ', റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി

Published : Nov 22, 2021, 10:37 PM ISTUpdated : Nov 22, 2021, 10:42 PM IST
അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് 'പിഡബ്ല്യൂഡി മതിൽ', റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി

Synopsis

വ്യവസായിയുടെ പുരയിടം സംരക്ഷിക്കുകുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണ്. 

കൽപ്പറ്റ: വയനാട്ടിലെ ലക്കിടിയിൻ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി 'മതിൽ പണിയുന്ന' സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി റിപ്പോർട്ടാവശ്യപ്പെട്ടു. നാളെ വൈകുന്നേരത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എഞ്ചിനീയറോട് നിർദ്ദേശിച്ചത്. 

ദേശീയ പാത നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. 

വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം നടക്കുന്നത്. വ്യവസായിയുടെ പുരയിടം സംരക്ഷിക്കുകുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണ്. 

ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍ തടയാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന ഒരു നിര്‍മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. 

ആദ്യം മണ്ണ് കൊള്ള, പിന്നെ സംരക്ഷണ ഭിത്തി 

മൂന്നു വര്‍ഷം മുൻപാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ സംഭവങ്ങൾ നടക്കുന്നത്. 2018 മാര്‍ച്ചിലാണ് കോയന്‍കോ ഗ്രൂപ്പിന്‍റ വസ്തുവിന്റെ മൂന്നിലുളള ഭാഗത്ത് നിന്ന് പട്ടാപ്പകല്‍ 50 ലോഡിലേറെ മണ്ണ് ലോറികളില്‍ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കൊളളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്റ് എന്‍ജീനീയര്‍ ലക്ഷ്മണന്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കി. 201/2018 ക്രൈം നമ്പറില്‍ കേസുമെടുത്തു.

ഈ കേസില്‍ വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത്. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കാനുളള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. ഇവിടെ നിന്നെടുക്കുന്ന മണ്ണ് തളളുന്നത് സമീപത്ത് തന്നെയുളള കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതിയിലുളള ഭൂമിയിലെ നിര്‍മാണത്തിനാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതിയിലുളള ഭൂമിയില്‍ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുളള വ്യവസ്ഥ നിലനില്‍ക്കെയാണ് ഈ കൊളള.

ദേശീയ പാത വീതികൂട്ടലിന്‍റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാര്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യവുമായി കാത്തു നില്‍ക്കുമ്പോഴാണ് മുന്‍ കരാറുകാര്‍ കൂടിയായ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം. 

വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ