
കോഴിക്കോട്: വഖഫ് ബോർഡ് പുനസംഘടനയിലെ തർക്കത്തിൽ വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനുമാണ് മന്ത്രി നേരിട്ട് എത്തിയത്. പരാതി മുഖവിലക്ക് എടുക്കുന്നുവെന്നും എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്നും പരിഹരിക്കാൻ വഴി കണ്ടെത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.
ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ്, ന്യൂനപക്ഷ കമ്മീഷൻ എല്ലാം ഒരു യൂണിറ്റ് ആയി കാണണം എന്ന് മന്ത്രി പറഞ്ഞു. വലിയ പ്രശ്നങ്ങൾ ഇല്ല. വഖഫുമായി ബന്ധപ്പെട്ട പ്രശ്നം ആണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ പരിമിതി പറഞ്ഞു ബോധ്യപെടുത്തി. എ പി വിഭാഗത്തിന് വഖഫിൽ പ്രാതിനിധ്യം ഉണ്ടാകും. എങ്ങനെ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്ന പരിഹാരം ഉണ്ടാക്കാൻ ആണ് വന്നതെന്ന് കൂടിക്കാഴ്ചക്ക് മുന്നേ ഷംസുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാന്തപുരത്തെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. പുതിയ നിയമത്തിലെ പരിമിതികൾ ഉണ്ട്. വിവാദം ഒഴിവാക്കേണ്ടതായിരുന്നു. സർക്കാർ എല്ലാവരുമായി സഹകരണം ആണ് പ്രതീക്ഷിച്ചിരുന്നത്. മറ്റു സംഘടനകൾക്കും പരിഭവം ഉണ്ട്. പക്ഷെ സർക്കാരിന് മറ്റു നിവർത്തി ഇല്ല. ഉൾക്കൊള്ളാൻ കഴിയുന്ന ഇടത്ത് എല്ലാവരെയും ഉൾക്കൊള്ളുക എന്നാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് പുനസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ മുസ്ലീം ലീഗ് നേതൃത്വവുമായി സംസാരിച്ച് പരിഹാര ഫോർമുല നിർദേശിച്ചു. ബോർഡിൽ നിലവിലുള്ള ഒരംഗത്തെ രാജിവെപ്പിച്ച് എപി വിഭാഗ നോമിനിയെ ഉൾപ്പെടുത്താനാണ് സർക്കാരിൻ്റെ തീരുമാനം. പകരം ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എപി സുന്നി വിഭാഗം തിരിച്ചു നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam