ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ സ്ഥിതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി,4 ജില്ലകളില്‍ നേരിട്ട് പരിശോധന

By Kishor Kumar K CFirst Published Oct 17, 2022, 5:43 PM IST
Highlights

കൊല്ലം , പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നേരിട്ട് പരിശോധനക്ക് എത്തുന്നത്. 

തിരുവനന്തപുരം:ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പൊതുമരാമത്ത് - ടൂറിസം - യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന കൊല്ലം , പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നേരിട്ട് പരിശോധനക്ക് എത്തുന്നത്. റോഡുകളുടെ നിലവിലെ അവസ്ഥ, പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ പുരോഗതി തുടങ്ങിയവ സംഘം പരിശോധിക്കും. 

ബുധനാഴ്ച ഉച്ചയോടെ കൊല്ലം ജില്ലയില്‍ നിന്നാണ് പരിശോധന ആരംഭിക്കുക. ബുധനാഴ്ച തന്നെ കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും നടക്കും. വ്യാഴാഴ്ച എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ , തിരുവല്ല , അടൂര്‍ , ആറന്മുള എന്നീ മണ്ഡലങ്ങളിലും മന്ത്രി എത്തും. തുടര്‍ന്ന് പത്തനംതിട്ടയില്‍ അവലോകന യോഗവും ചേരുന്നുണ്ട്. 
നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ച് നല്‍കിയിരുന്നു. ആ സമയക്രമത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയായോ എന്നതടക്കമുള്ള പരിശോധന നടക്കും. കോന്നി, റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി ഉദ്ഘാടനവും , പൂര്‍ത്തീകരണ ഉദ്ഘാടനവും ഇതിന്‍റെ ഭാഗമായി നടക്കും. നവീകരിച്ച എരുമേലി റസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേയില്ല, മേൽശാന്തി നിയമനം അന്തിമവിധിക്ക് അനുസൃതമാകുമെന്ന് സുപ്രിം കോടതി

ശബരിമല മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ അനുവദിക്കാതെ സുപ്രിം കോടതി. മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ ദേവസ്വം ബോർഡിന് സുപ്രിം കോടതി നോട്ടീസ് അയച്ചു. നറുക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട്  ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മേൽശാന്തി നിയമനം ഈ കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ചാകുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ ആര്യാമം സുന്ദരമാണ് ഹർജിക്കാരനായ വിഷ്ണു നമ്പൂതിരിക്കായി വാദിച്ചത്.  അഭിഭാഷക രോഹിണി മുസയാണ് ഹർജി ഫയൽ ചെയ്തത്. 

 

click me!