Minister Riyas against Uralungal Society : 'ഊരാളുങ്കലിന് പ്രത്യേക പട്ടം ചാർത്തി നൽകിയിട്ടില്ല': മന്ത്രി റിയാസ്

By Web TeamFirst Published Dec 25, 2021, 12:37 PM IST
Highlights

കടൽക്ഷോഭത്തിൽ തകർന്ന ശംഖമുഖം- എയർപോർട്ട് റോഡിൻറെ പുനർനി‍ർമ്മാണ പ്രവർത്തനങ്ങള്‍ മാർച്ച് മാസത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്ക് പ്രത്യേക പട്ടം ചാർത്തി നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിർമ്മാണ പ്രവർത്തികള്‍ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ ഏതു കമ്പനിക്കെതിരെയും നടപടിയുണ്ടാകും. ഊരാളുങ്കൽ ഏറ്റെടുത്ത ശംഖുമുഖം റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

കടൽക്ഷോഭത്തിൽ തകർന്ന ശംഖമുഖം- എയർപോർട്ട് റോഡിൻറെ പുനർനി‍ർമ്മാണ പ്രവർത്തനങ്ങള്‍ മാർച്ച് മാസത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാൻ  പൈലിംഗ് നടത്തി ഡയഫ്രം വാൾ നിർമ്മിക്കുന്ന പ്രവർത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിർമ്മിച്ച ശേഷമായിരിക്കും റോഡ് നിർമ്മിക്കുക.  പുനർനിർമ്മാണ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. 

നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരമാത്ത് മന്ത്രി വിളിച്ച യോഗത്തിൽ ഊരാളുങ്കലിൻറെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ ഊരളുങ്കലിനെ മന്ത്രി വിമർശിച്ചിരുന്നു. നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോഴും മന്ത്രി വിമർശനം തുടർന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കൽ നിർമ്മാണ കരാർ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്ന കരാ‍റുകാർക്ക് പാരിതോഷികം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

click me!