സർക്കാർ ആശുപത്രി പ്രസ്താവന വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ; ആരോഗ്യ നില പരിഗണിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത്

Published : Jul 07, 2025, 08:07 PM IST
saji cheriyan

Synopsis

നേരത്തെ, സർക്കാർ ആശുപത്രിയിൽ ചികിത്സക്കിടെ മരിക്കാറായെന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും സജിചെറിയാൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം: സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ പ്രസ്താവനയിൽ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറ‍ഞ്ഞു. നേരത്തെ, സർക്കാർ ആശുപത്രിയിൽ ചികിത്സക്കിടെ മരിക്കാറായെന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും സജിചെറിയാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതോടെയാണ് ഫേസ്ബുക്കിൽ കുറിപ്പുമായി സജി ചെറിയാൻ എത്തിയത്.

തന്റെ ആരോഗ്യ നില പരിഗണിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ അവിടേക്ക് പോകുമായിരുന്നുവെന്നും പറഞ്ഞ മന്ത്രി പിണറായി സർക്കാരിൻ്റെ കാലത്ത് ആരോ​ഗ്യമേഖലയിൽ മികച്ച സൗകര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയമാണ് നമ്മുടെ സർക്കാർ ആശുപത്രികൾ. ഒന്നാം പിണറായി വിജയന്‍ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊതുജനാരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനും, ആധുനിക ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും, വിദഗ്ദ്ധരായ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പാക്കുന്നതിനും ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എനിക്ക് ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ, തന്നെ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർ തന്നെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്ത് എന്റെ ബന്ധുക്കളോട് പറയുന്നത്. ആ സമയത്തെ എന്റെ ആരോഗ്യനിലയും ചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് എടുത്ത ഒരു തീരുമാനമായിരുന്നു അത്. മെഡിക്കൽ കോളേജിലേക്കാണ് റെഫർ ചെയ്തിരുന്നതെങ്കിൽ എന്നെ അങ്ങോട്ട് കൊണ്ടുപോകുമായിരുന്നു. അല്ലാതെ, ഏതെങ്കിലും ഒരു ചികിത്സാ സംവിധാനം മോശമായതുകൊണ്ടോ മറ്റൊന്നിന് മേന്മ കൂടുതലുള്ളതുകൊണ്ടോ ആയിരുന്നില്ല ആ തീരുമാനം. അക്കാര്യം പറഞ്ഞത് തെറ്റായി വളച്ചൊടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

യുഡിഎഫ് ഭരണകാലത്ത് കാലിത്തൊഴുത്ത് പോലെയായിരുന്ന സര്‍ക്കാര്‍ ആശുപത്രികളെ, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളാണ്. ഈ യാഥാർത്ഥ്യം ആർക്കും നിഷേധിക്കാനാവില്ല. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളെ കൂടുതൽ ശക്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾവെച്ച് നടത്തുന്ന ഇത്തരം തെറ്റിദ്ധാരണ ജനകമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്