സിനിമാമേഖലക്ക് പ്രത്യേക പാക്കേജും സർക്കാ‌ർ ഒടിടി പ്ലാറ്റ്‍ഫോമും പരിഗണനയിൽ; സജി ചെറിയാൻ

By Web TeamFirst Published May 23, 2021, 4:45 PM IST
Highlights

സ‌ർക്കാരിന്റെ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം നിർമ്മിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും‌ ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ആലോചിക്കുകയാണന്നും പറഞ്ഞ സാംസ്കാരിക മന്ത്രി ഒരു പ്ലാറ്റ് ഫോം തുടങ്ങുമ്പോൾ പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും ഇതിന്റെ മോശം വശങ്ങളും പഠിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

തിരുവനന്തപുരം: മലയാളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ്ഫോം കൊണ്ട് വരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവാരമുയർത്താനുള്ള പദ്ധതികൾ പണിപ്പുരയിലാണെന്നും സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ വ്യക്തമാക്കി. സീരിയലുകൾ ഉൾപെടെ ടിവി പരിപാടികൾക്ക് സെൻസറിങ് നടപ്പാക്കുന്നതും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 

ക്ഷേമനിധിയിൽ അം​ഗമല്ലാത്തവ‌ർക്ക് പോലും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ആയിരം രൂപ സഹായം നൽകുമെന്ന മുഖ്യമന്ത്രി ആദ്യ ലോക്ക് ഡൗൺ സമയത്ത് പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും അത് ചെയ്യാൻ പറ്റുമോയെന്നായിരുന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ ആദ്യ ചോദ്യം. വിഷയം ഇപ്പോഴാണ് ശ്രദ്ധയിൽ വരുന്നതെന്നും എന്താണ് കാര്യമെന്ന് പഠിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി അറിയിച്ചു. വിനോദ നികുതി അടക്കം കുറച്ച് കാലത്തേക്ക് ഒഴിവാക്കിതരണമെന്നും ഉണ്ണിക്കൃഷ്ണൻ മന്ത്രിയോട് അഭ്യ‌ർത്ഥിച്ചു. തിയ്യറ്ററുകൾ അടഞ്ഞ് കിടക്കുന്ന സമയത്ത് പോലും ഭീമമായ വൈദ്യുതി ചാ‌ർജ്ജാണ് നൽകേണ്ടി വരുന്നതെന്നും ഉണ്ണിക്കൃഷ്ണൻ മന്ത്രിയോട് പറഞ്ഞു. 

Read more at: ഓഫീസിലിരുന്ന് തത്വം പറയില്ല; തീരസംരക്ഷണത്തിന് അടിയന്തിര പ്രാധാന്യമെന്നും മന്ത്രി സജി ചെറിയാൻ ...
 

സാമ്പത്തിക പ്രശ്നം അതീവ ​ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നായിരുന്നു സജി ചെറിയാൻ്റെ മറുപടി. സിനിമാക്കാ‌‌ർ മാത്രമല്ല എല്ലാ കലാകാരൻമാരും പ്രയാസത്തിലാണെന്നും എല്ലാവരെയും സഹായിക്കുന്നതിന് വേണ്ടി ഒരു പുതിയ പദ്ധതി നടപ്പാകുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.  സിനിമ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നത് പരി​ഗണിക്കുകയാണെന്ന് പറഞ്ഞ സജി ചെറിയാൻ ഓടിടി പ്ലാറ്റ്ഫോം അടക്കമുള്ള നി‌ർദ്ദേശങ്ങൾ മുമ്പിലുള്ളതായി വെളിപ്പെടുത്തി. 

സ‌ർക്കാരിന്റെ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം നിർമ്മിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും‌ ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ആലോചിക്കുകയാണന്നും പറഞ്ഞ സാംസ്കാരിക മന്ത്രി ഒരു പ്ലാറ്റ് ഫോം തുടങ്ങുമ്പോൾ പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും ഇതിന്റെ മോശം വശങ്ങളും പഠിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ചലചിത്ര നിരൂപകൻ ജി പി രാമചന്ദ്രനും കലാമൂല്യമുള്ള സിനിമകൾക്കായി ഓടിടി പ്ലാറ്റ്ഫോം കൊണ്ട് വരാമോയെന്ന് മന്ത്രിയോട് ചോദിച്ചു. വിഷയം പരി​ഗണനയിലുണ്ടെന്ന് സജി ചെറിയാൻ വീണ്ടും വ്യക്തമാക്കി. 

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവിലെ അവസ്ഥയെ പറ്റി സീരിയൽ ആ‌ർട്ടിസിറ്റുകളുടെ സംഘടന ആത്മയുടെ വൈസ് പ്രസിഡൻ്റ് മോഹൻ അയിരൂർ ആണ് മന്ത്രിയുടെ മുന്നിൽ എത്തിച്ചത്. സ്റ്റുഡിയോയിലെ സാഹചര്യം പരിതാപകരമാണെന്നും തെരുവ് നായ ശല്യം അടക്കമുണ്ടെന്നുമായിരുന്നു പരാതി. ഷൂട്ടിം​ഗ് നി‌ർത്തിവച്ചത് മൂലം ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന നിരവധി പേ‌ർ സാമ്പത്തിക പ്രയാസത്തിലാണെന്നും മോ​ഹ​ൻ അരിയൂ‌ർ പരാതിപ്പെട്ടു. 

സീരിയൽ രം​ഗത്തെ ആ‌ർട്ടിസ്റ്റുകൾക്കും സഹായം ഉറപ്പ് നൽകിയ മന്ത്രി ലോക്ഡൗൺ കഴിഞ്ഞാൽ ഷൂട്ടിങ് പുനരാരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഉറപ്പ് നൽകി. ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുമെന്നും കേരളത്തിലെ സിനിമ സീരിയൽ രം​ഗത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ സ്റ്റുഡിയോ മാറ്റിയെടുക്കുമെന്നും മന്ത്രി വാ​ഗ്ദാനം നൽകി. 


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!