Asianet News Malayalam

ഓഫീസിലിരുന്ന് തത്വം പറയില്ല; തീരസംരക്ഷണത്തിന് അടിയന്തിര പ്രാധാന്യമെന്നും മന്ത്രി സജി ചെറിയാൻ

മുഖ്യമന്ത്രിയും മന്ത്രിമാരായ രാജീവും റോഷി അഗസ്റ്റിനും താനും ഉൾപ്പെട്ട യോഗം നാളെ നടക്കും. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും

Newly appointed Kerala Minister Saji Cheriyan on phone in program
Author
Thiruvananthapuram, First Published May 23, 2021, 3:44 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഫിഷറീസ് വകുപ്പ് കിട്ടിയതിൽ ആത്മാർത്ഥമായ സന്തോഷമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. പ്രളയത്തിൽ ബുദ്ധിമുട്ടിയ ചെങ്ങന്നൂരിനെ രക്ഷിക്കാൻ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പാഞ്ഞെത്തിയത്. അവരോട് ഒരുപാട് കടപ്പാടുണ്ട്. അതിശക്തമായ കാലാവസ്ഥാ വ്യതിയാനം മൂലം തീരദേശത്ത് വലിയ ദുരിതമാണ് ഉണ്ടാകുന്നത്. വിദേശത്തും മറ്റ് സംസ്ഥാനങ്ങളും തീരസുരക്ഷ എങ്ങിനെയാണ് ഉറപ്പാക്കിയതെന്ന് പഠിക്കാൻ തീരുമാനിച്ചു. പല നിർദ്ദേശങ്ങളും വന്നിട്ടുണ്ട്. ചെലവുകുറഞ്ഞ നിലയിൽ അഞ്ച് വർഷം കൊണ്ട് എങ്ങിനെ തീരസംരക്ഷണം ഉറപ്പാക്കാമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരായ രാജീവും റോഷി അഗസ്റ്റിനും താനും ഉൾപ്പെട്ട യോഗം നാളെ നടക്കും. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. തീരദേശ സംരക്ഷണമാണ് ലക്ഷ്യം. അപര്യാപ്തതകൾ പരിഹരിക്കാനുള്ള തീരുമാനം ഉണ്ടാകും. കരിമണൽ ഖനനത്തിന് കേരളത്തിന്റെ തീരത്ത് ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്ന് ജാക്സൺ പൊള്ളയിലിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ പൊഴിമുറിക്കലുമായി ബന്ധപ്പെട്ട മണ്ണ് ചവറയിലെ കെഎംആർഎല്ലിലേക്ക് കൊണ്ടുപോയെന്നതായിരുന്നു പ്രശ്നം. തീരദേശ സംരക്ഷണത്തിന് ഒരുപാട് പഠനം നടന്നിട്ടുണ്ട്. ശാസ്ത്രീയമായി നടപ്പാക്കിയ പോരായ്മയുണ്ടോയെന്ന് പരിശോധിക്കും. അതിന് സ്വീകരിക്കേണ്ട നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

താൻ ഓഫീസിലിരുന്ന് തത്വം പറയില്ല. തീരദേശത്തേക്ക് പോയി പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കും. നാളത്തെ ചർച്ചയിൽ വിഷയം വരുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ യോഗം വിളിച്ച് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ തടയും. മുടക്കുന്ന പണം കൊണ്ട് തീരസംരക്ഷണം ഉറപ്പാക്കാനാവുമോയെന്ന് മനസിലാക്കി നടപടിയെടുക്കും. കേന്ദ്രസർക്കാരിന്റെ നിലപാടുകൾ സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ്. കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ് കടൽ. കേരളത്തിന്റെ തീരമേഖലയിൽ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മനസിലാക്കി അവരുടെ പിന്തുണയോടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യ സമ്പാദ്യ ആശ്വാസ പദ്ധതിയുടെ വിഹിതം സംബന്ധിച്ച് നാളത്തെ യോഗം ചർച്ച ചെയ്യും. ഇക്കാര്യത്തിൽ നാളെ തന്നെ തീരുമാനമുണ്ടാകും. കടലാക്രമണത്തിൽ വീടുകൾക്ക് നാശം വന്ന സംഭവത്തിൽ കളക്ട്രേറ്റുകളിൽ യോഗം നടക്കുന്നുണ്ട്. വില്ലേജ് ഓഫീസർമാരെ ബന്ധപ്പെട്ട് അടിയന്തിരമായി സഹായം എത്തിക്കാൻ നിർദ്ദേശം നൽകി. അക്കാര്യം നിരന്തരണം വിലയിരുത്തുന്നുണ്ടെന്നും സഹായം എത്തിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചില പ്രദേശത്ത് പുലിമുട്ട് ഇട്ടെങ്കിലേ തീരം സംരക്ഷിക്കാനാവൂ. എത്ര പുലിമുട്ട് വേണമെന്ന കാര്യത്തിൽ  പല നിർദ്ദേശം വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സീരിയൽ സെൻസറിങ് ഗൗരവമായി പരിശോധിക്കും. സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളിൽ വരുന്ന അശാസ്ത്രീയവും അന്ധവിശ്വാസ ജടിലവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ട്. മ പ്രസിദ്ധീകരണങ്ങൾ പോലെയാണ് ഇവയിൽ പലതും. ഇതിനായി സാംസ്കാരിക മേഖലയിൽ നയം രൂപപ്പെടുത്തും. നമ്മുടെ നാട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നാടാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതവിദ്വേഷവും വർഗീയത വളർത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് പുതിയ മുഖം നൽകുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios