
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കുമ്പോള്‍ മന്ത്രിമാര്‍ മൗനം പാലിക്കുമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഗവര്‍ണര്‍ പ്രതിപക്ഷ നേതാവ് അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിരന്തരം ആക്ഷേപിക്കുന്നു. രാജ്ഭവന്‍ ധൂര്‍ത്തിന്റെ കേന്ദ്രം ആയിരിക്കുകയാണ്. വര്‍ഷത്തില്‍ പകുതിയിലധികം ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. സ്ഥാനം ഉറപ്പിക്കാന്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് ഗവര്‍ണര്‍. രാജ്ഭവന്‍ ഇപ്പോള്‍ ആര്‍എസ്എസ് കാര്യാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരണത്തിനുള്ള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമായി ഗവര്‍ണറെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് പറഞ്ഞു. 'വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നേട്ടത്തിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റില്‍ സംഘ പരിവാര്‍ ആളുകളെ തിരുകിക്കയറ്റി. യുഡിഎഫും ആര്‍എസ്എസും തമ്മില്‍ സെനറ്റ് അംഗങ്ങളുടെ കാര്യത്തില്‍ രഹസ്യ ധാരണയുണ്ടോ?' ഗവര്‍ണറുടെ നോമിനിയായി സെനറ്റില്‍ തുടരാന്‍ തങ്ങളില്ലെന്നു പറയാന്‍ യുഡിഎഫ് പ്രതിനിധികള്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാവിവത്കരണത്തില്‍ ഗവര്‍ണര്‍ക്കും ആര്‍എസ്എസിനും കുട പിടിക്കുകയാണോ യുഡിഎഫ് എന്ന് അദ്ദേഹം ചോദിച്ചു. 'എബിവിപിക്കു സെനറ്റിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ല. ആർഎസ്എസുകാരുടെ കൂടെ യുഡിഎഫ് പ്രതിനിധികള്‍ ഇരിക്കുമോ എന്ന് വ്യക്തമാക്കണം. ബോധപൂര്‍വമല്ലാതെ ആണ് യു ഡി എഫ് അംഗങ്ങള്‍ സെനറ്റില്‍ നോമിനേഷനില്‍ കൂടെ വന്നതെങ്കില്‍ അവര്‍ രാജി വയ്ക്കണമെന്നും ഡിവെെഎഫ്ഐ ആവശ്യപ്പെട്ടു. യുഡിഎഫും ആര്‍എസ്എസും തമ്മില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമാണോ ഇതെല്ലാം എന്ന് സംശയിക്കുന്നു.' യുഡിഎഫ് അംഗങ്ങള്‍ക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജി വയ്ക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam