
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചെന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. പൊങ്കാല കഴിഞ്ഞിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്.
അതിനിടെ, മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്തെത്തി. കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്നും മേയർ പറഞ്ഞു. 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും. കോർപ്പറേഷൻ ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. എന്നാൽ സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോർപ്പറേഷന്റെ ആരോപണം.
ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാർക്കിംഗ് ഫീ പ്രശ്നം- ഇപ്പോൾ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീൻ ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഇപ്പോഴും മാലിന്യം നിറഞ്ഞുകവിഞ്ഞു കിടക്കുന്നുണ്ട്. മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയണെന്നും ആക്ഷേപമുണ്ട്. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു.
ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ ബിജെപി അനാവശ്യ വിവാദങ്ങൾ ശ്രമിച്ചെന്നായിരുന്നു പൊങ്കാല കഴിഞ്ഞയുടൻ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam