വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി, വിദ്യാർഥികളും ആവേശത്തിൽ; അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്കും സ്വർണകപ്പ്

Published : Nov 07, 2025, 08:26 PM IST
Minister V Sivankutty

Synopsis

57-മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം മുതൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നൽകുമെന്നും വിജയികൾക്കുള്ള കാഷ് പ്രൈസ് ഉയർത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 

പാലക്കാട്: അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിന്‍റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് നൽകുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ 57-മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്.

അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ സർക്കാർ, മാനേജ്മെൻ്റ് ഉൾപ്പെടെ വിവിധ സ്കൂളുകളിൽ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് വ്യത്യസ്തമാർന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയർത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്കൂളുകളിൽ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.

വിദ്യാർത്ഥികളുടെ ചിന്താശക്തിയും നൈസർഗികതയും കഴിവുകൾ തെളിയിക്കാനും ശാസ്ത്ര ബോധം സാമൂഹ്യ പ്രതിബന്ധത എന്നിവ വളർത്തുന്നതിലും ശാസ്ത്ര മേളയ്ക്ക് വലിയ പങ്കുണ്ട്. പുതിയ മാന്വൽ അനുസരിച്ചാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ഈ മാറ്റങ്ങൾ മത്സരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ഇത് പുതിയ കണ്ടുപിടുത്തങ്ങൾക്ക് സാധ്യത നൽകും.

അറിവിന്‍റെ ഏറ്റവും വലിയ ഉത്സവമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് അറിവിന്‍റെ ഏറ്റവും വലിയ ഉത്സവമാണ് ശാസ്ത്രമേളയെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്കൂൾ ശാസ്ത്രമേളകളിൽ ഉയർന്നുവരുന്ന ഒട്ടേറെ ആശയങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന നൂതനാശയങ്ങളായി പിന്നീട് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രമേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളിൽ പലരും പിന്നീട് ശാസ്ത്രരംഗത്ത് മികവ് കൈവരിക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാഭിമുഖ്യവും ശാസ്ത്ര അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.

ഇന്ത്യയുടെ ഭരണഘടന തന്നെ പൗരന്മാരുടെ മൗലിക കടമകളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത് ശാസ്ത്ര അവബോധം വളർത്തുക എന്നതാണ്. നിർഭാഗ്യവശാൽ അതിന് നേരെ വിപരീതം ആയിട്ടുള്ള പ്രവണതകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യത്ത് മേൽകൈ നേടിയിട്ടുള്ളതെന്ന് സൂചിപ്പിച്ച മന്ത്രി, ശാസ്ത്ര വിരുദ്ധമായിട്ടുള്ള അഭിപ്രായങ്ങൾ, വിജ്ഞാന വിരുദ്ധമായിട്ടുള്ള പ്രചരണങ്ങൾ തുടങ്ങിയവ ഉത്തരവാദിത്തപ്പെട്ടവർ തന്നെ നടത്തുന്നത് ഇന്ന് പതിവായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. വർഗീയത വളരുന്നതോടൊപ്പം ശാസ്ത്രവിരുദ്ധതയും വിജ്ഞാനവിരുദ്ധതയും വളരുന്നു. ഇവ രണ്ടും വർഗീയതയ്ക്ക് വളക്കൂറായി മാറുകയും ചെയ്യുന്നു.

ശാസ്ത്രത്തെയും മിത്തിനെയും കൂട്ടിക്കുഴച്ച് എല്ലാ അറിവും മുൻകാലങ്ങളിൽ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ് ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന്റെ രീതി എന്നും മന്ത്രി പറഞ്ഞു. ശാസ്ത്രം എന്നാൽ അറിവിന്റെ നിരന്തരമായ അന്വേഷണവും, സത്യാന്വേഷണവുമാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ തത്വം കണ്ടെത്താനാവാത്തതായി ഒന്നുമില്ല എന്നതാണ്. വിമർശന ബുദ്ധി എന്നത് ശാസ്ത്രാവബോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഘടകം കൂടിയാണിത്. വിമർശനം കുറ്റകരമായി കണക്കാക്കുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ശാസ്ത്രമേള ചോദ്യങ്ങൾ ചോദിക്കാനും വിമർശന ബുദ്ധി വളർത്താനും വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സുവനീർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കവർ ചിത്രം ഡിസൈൻ ചെയ്ത ടി ആർ കെ എച്ച് എസ് എസ് വിദ്യാർത്ഥി കെ ആദിത്യന് പരിപാടിയിൽ ആദരവ് നൽകി. ദേശീയ ശാസ്ത്ര സെമിനാറിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൻ.എസ്.എസ്.കെ.പി.ടി ഒറ്റപ്പാലം സ്കൂളിലെ ഋഷികേശ് എന്ന വിദ്യാർത്ഥിയേയും ചടങ്ങിൽ ആദരിച്ചു.

പാലക്കാട് ഗവൺമെന്റ് മോയൻസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.ഡി പ്രസേനൻ, എ പ്രഭാകരൻ, എൻ ഷംസുദ്ദീൻ, പി മമ്മികുട്ടി, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് എന്നിവർ സംസാരിച്ചു. കെ ശാന്തകുമാരി എംഎൽഎ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ സലീനബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ, അധ്യാപക സംഘടന പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും
'പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്': ശ്രീനാദേവിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്