
തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ 2026-27 കേന്ദ്ര ബജറ്റിൽ പൂർണ്ണമായും അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിലെ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള 'സമഗ്ര ശിക്ഷാ' തുടങ്ങിയ പദ്ധതികൾക്ക് നാമമാത്രമായ വർദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നൽകുന്നുമില്ല. സ്കൂൾ കുട്ടികൾക്കായി ഇൻഷുറൻസ് പദ്ധതി, സർവത്രിക വിദ്യാഭ്യാസം ബിരുദതലം വരെ ഉൾപ്പെടെ വിഭാവനം ചെയ്ത കേരള ബജറ്റിൽ നിന്ന് കേന്ദ്രം പഠിക്കണം. കേരളം പൊതുവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകുമ്പോൾ കേന്ദ്രം ഈ മേഖലയെ പിന്നോട്ട് തള്ളുകയാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതത്തിൽ കാര്യമായ വർദ്ധനവ് വരുത്താത്തത് സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഈ സമീപനം തിരുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവശ്യമായ പ്രത്യേക പാക്കേജുകൾ അനുവദിക്കണം- മന്ത്രി പറഞ്ഞു.
2026-27 ബജറ്റ് സാധാരണക്കാരായ തൊഴിലാളികളെ വഞ്ചിക്കുന്നതും വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതുമാണ്. വികസിത് ഭാരത് എന്ന മുദ്രാവാക്യം വിളിക്കുമ്പോഴും രാജ്യത്തിന്റെ നട്ടെല്ലായ തൊഴിലാളി വർഗ്ഗത്തെ ബജറ്റ് പൂർണ്ണമായും കൈവിട്ടിരിക്കുന്നുവെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി. കോർപ്പറേറ്റ് മേഖലയ്ക്ക് വൻതോതിൽ നികുതി ഇളവുകളും 'സേഫ് ഹാർബർ' ആനുകൂല്യങ്ങളും പ്രഖ്യാപിച്ച ബജറ്റ്, സാധാരണ തൊഴിലാളികളുടെ വേതന വർദ്ധനവിനോ സാമൂഹിക സുരക്ഷയ്ക്കോ വേണ്ടി ഒന്നും നീക്കിവെച്ചിട്ടില്ല. 350-ലധികം പരിഷ്കാരങ്ങൾ നടപ്പിലാക്കിയെന്നും ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതായും ധനമന്ത്രി അഭിമാനത്തോടെ പറയുന്നു. എന്നാൽ ഇവയൊക്കെയും തൊഴിലാളികളുടെ ദശാബ്ദങ്ങളായുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കാനും തൊഴിലുടമകൾക്ക് ഏകപക്ഷീയമായ അധികാരം നൽകാനുമുള്ള നീക്കങ്ങളാണ്.
മാൻപവർ സപ്ലൈ സേവനങ്ങളെ കരാർ ജോലിയുടെ പരിധിയിൽ കൊണ്ടുവന്നത് തൊഴിൽ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തും. ഇത് സ്ഥിരം തൊഴിൽ എന്ന സങ്കല്പം ഇല്ലാതാക്കി കരാർവൽക്കരണം പ്രോത്സാഹിപ്പിക്കാനുള്ള കോർപ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. എം.എസ്.എം.ഇ മേഖലയിലെ 'കോർപ്പറേറ്റ് മിത്ര' പോലുള്ള പദ്ധതികൾ തൊഴിലാളികളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമല്ല. കൃത്യമായ കൂലിയും സുരക്ഷയും ഉറപ്പാക്കാതെ ഹ്രസ്വകാല കോഴ്സുകൾ കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാവില്ല. ചുരുക്കത്തിൽ, ഈ ബജറ്റ് വൻകിട കമ്പനികൾക്ക് 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' ഉറപ്പാക്കുമ്പോൾ ദരിദ്രരും സാധാരണക്കാരുമായ തൊഴിലാളികളുടെ ജീവിതം 'ഡിഫിക്കൽറ്റ് ഓഫ് ലിവിങ്' ആയി മാറ്റുകയാണ്. കേരളം ഉയർത്തുന്ന ബദൽ തൊഴിൽ നയങ്ങളെയും തൊഴിലാളി ക്ഷേമ പദ്ധതികളെയും തകർക്കുന്ന ഇത്തരം കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam