'ഇപ്പോൾ അവർ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കാം'; മലയാളി കേന്ദ്ര മന്ത്രിമാർ മൗനം പാലിക്കുന്നുവെന്ന് മന്ത്രി

Published : Jul 30, 2025, 03:08 PM IST
V sivankutty

Synopsis

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാരുടെ മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മൗനത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി.

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർധിച്ചുവരികയാണെന്നും ഇത് ആഗോള തലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല. ബിജെപിയുടെ യഥാർത്ഥ മുഖം ഒരെണ്ണമേ ഉള്ളൂ. കേരളത്തിൽ മുഖംമൂടിയാണ് ബിജെപി നേതാക്കൾ അണിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാർത്ഥ മുഖം വെളിയിൽ കാണിക്കാത്തത്. അവസരം കിട്ടിയാൽ അതവർ പുറത്തു കാണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ അവർ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഛത്തീസ്ഗഡിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷവേട്ടയെന്നും, കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തിൽ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മതേതര ശക്തികൾക്ക് ശക്തി പകർന്നാൽ മാത്രമേ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും; പ്രഖ്യാപനവുമായി സിദ്ധരാമയ്യ
'എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്