
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത, അങ്ങേയറ്റം മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണിത്.
പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാൽ, എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യ ബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. പി എം എ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും മന്ത്രി.
വിഷയാധിഷ്ഠിതമായി സംവദിക്കാനോ സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനോ കഴിയാത്ത ഘട്ടത്തിലാണ് ഇത്തരം നിലവാരം കുറഞ്ഞ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് തിരിയുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും മതേതര സ്വഭാവം നിലനിർത്താൻ കൈക്കൊണ്ട സമീപനങ്ങളും അത് നേടിയെടുത്ത ജനകീയ അംഗീകാരവും കണ്ടുള്ള നിരാശയും രാഷ്ട്രീയ പാപ്പരത്വവുമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam