അമ്മച്ചിക്കൊപ്പമുള്ള 'അവസാന ചിരി'; നെഗറ്റീവ് കമന്‍റുകളോട് മന്ത്രി ശിവൻകുട്ടിക്ക് പറയാനുള്ളത്!

Published : Aug 23, 2022, 06:17 PM ISTUpdated : Aug 23, 2022, 06:25 PM IST
അമ്മച്ചിക്കൊപ്പമുള്ള 'അവസാന ചിരി'; നെഗറ്റീവ് കമന്‍റുകളോട് മന്ത്രി ശിവൻകുട്ടിക്ക് പറയാനുള്ളത്!

Synopsis

മരണം വിടവാങ്ങലും യാത്രയയപ്പും കൂടിയാണെന്നും സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങൾ ചേർന്ന് എടുത്ത 'ചിരി ചിത്ര'ത്തെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ചയിൽ ഇടപെട്ട് മന്ത്രി ശിവൻകുട്ടി രംഗത്ത്. മരണം വിടവാങ്ങലും യാത്രയയപ്പും കൂടിയാണെന്നും സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടതെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടത്.

ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി, പോക്സോ ബാധകമല്ല

വിമർശനങ്ങളോട് പ്രതികരിച്ച് കുടുംബം

ചിത്രവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിലുയർന്ന വിമർശനങ്ങളെ അവഗണിച്ചാണ് പനവേലിൽ കുടുംബം രംഗത്തെത്തിയത്. മരിച്ച മറിയാമ്മയുടെ മകനും സി എസ് ഐ സഭയിലെ പുരോഹിതനുമായ ഡോ. ജോർജ് ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു

" ഒമ്പതു പതിറ്റാണ്ടു കാലത്തെ സാർഥകമായ ജീവിതം നയിച്ചയാളാണ് ഞങ്ങളുടെ അമ്മച്ചി. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിൽ ഒരാൾ മരിച്ചു പോയി. ബാക്കി ഞങ്ങൾ എട്ടു പേരും എന്നും അമ്മച്ചിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. വയസ്സ് 94 ആയിട്ടും വളരെ ആക്ടീവ് ആയിരുന്നു അവസാന നാളുകൾ വരെയും അമ്മച്ചി. മരണത്തോട് അടുത്ത ദിവസങ്ങളിലാണ് തീരെ അവശയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മരണം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടത്താനും നിശ്ചയിച്ചു. അങ്ങനെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ അമ്മച്ചിയുടെ മൃതശരീരം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിക്കരികിൽ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്നത്. മക്കളും മരുമക്കളും ചെറുമക്കളും അവരുടെ മക്കളുമായുള്ള നാലു തലമുറ. അമ്മച്ചി ഞങ്ങൾക്കൊപ്പമുള്ള അവസാന രാത്രിയിൽ അമ്മച്ചിയെ കുറിച്ചുള്ള നല്ല ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ തീരുമാനിച്ചു. രസകരമായ ഓർമകളും കൗതുകമുള്ള കാര്യങ്ങളും പലരും പറഞ്ഞു. അതിനിടയിൽ ചിരി പൊട്ടി. ഞാനടക്കം പലരും അമ്മച്ചിയെ കുറിച്ചുള്ള ഓർമകൾ പറഞ്ഞപ്പോൾ പല കുറി വിതുമ്പി. ഏതാണ്ട് നാലു മണിക്കൂറോളം നേരം ഞങ്ങളെല്ലാം അങ്ങിനെ അമ്മച്ചിയുടെ മൃതശരീരത്തിന് ചുററും ഇരുന്ന് അമ്മച്ചിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണി വരെ ആ സംഭാഷണം നീണ്ടു. അതിന്റെ ഒടുവിലാണ് അമ്മച്ചിക്കൊപ്പമുള്ള ആ അവസാന ദിനത്തിലെ ആ നിമിഷങ്ങൾ ഫോട്ടോ എടുത്ത് സൂക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

ഞങ്ങൾ എല്ലാവരുടെയും ഉള്ളിലെ നൊമ്പരപ്പെടുത്തുന്ന ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഹൂർത്തം അങ്ങിനെ നിങ്ങൾ കാണുന്ന ചിത്രമായി. അതിലെ ചിരി ഒരിക്കലും കള്ളമല്ല. എന്തെങ്കിലും ഒക്കെ പറഞ്ഞ് ആ ചിരിയെ നിഷേധിക്കാനും ഞങ്ങളില്ല. എല്ലാ സന്തോഷത്തോടെയും സുഖങ്ങളോടെയും ജീവിച്ചു മരിച്ച ഞങ്ങളുടെ അമ്മച്ചിക്കുള്ള സ്നേഹ നിർഭരമായ ഞങ്ങളുടെ യാത്രയയപ്പായിരുന്നു അത്. അതിനെ പലരും വിമർശിക്കുന്നു. ചിലർ കളിയാക്കുന്നു. അതൊന്നും ഞങ്ങളുടെ വിഷയമല്ല. അതേ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നേയില്ല. അത് ഞങ്ങളുടെ വിഷയവുമല്ല. അമ്മച്ചി ഞങ്ങൾക്ക് ആരായിരുന്നു ഞങ്ങൾക്ക് അറിയാം. അമ്മച്ചിയുമായി ഞങ്ങൾക്കെല്ലാമുള്ള ആത്മബന്ധത്തെ കുറിച്ചും വാർധക്യത്തിൽ ഞങ്ങൾ അമ്മച്ചിയെ പരിചരിച്ചത് എങ്ങിനെ എന്നും ഞങ്ങളുടെ കുടുംബത്തെ അറിയുന്നവർക്കുമറിയാം. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ഞങ്ങളെ ബാധിക്കുന്നതേ ഇല്ല. ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിർത്തുന്ന കണ്ണിയായി എന്നും അമ്മച്ചിയുടെ സ്നേഹ നിർഭരമായ ഓർമകൾ ഞങ്ങളുടെ മനസിലുണ്ടാകും " - ഡോ. ജോർജ് ഉമ്മൻ പറഞ്ഞു നിർത്തി.

'ആ ചിരി അബദ്ധമല്ല, അറിഞ്ഞു തന്നെ ചിരിച്ചത്, കാരണമുണ്ട്'; അമ്മച്ചിക്കൊപ്പമുള്ള 'അവസാന ചിരി' വിവാദമാക്കുന്നവരോട്

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു