
തിരുവനന്തപുരം;.പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.ഈ വർഷത്തെ ബോണസ് പോയിന്‍റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ആവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.
ഉപരിപഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ യാതൊരു ഉത്കണ്ഠയും വേണ്ടതില്ല.
മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചത്...
'സംസ്ഥാനത്തെ 2022-23 അധ്യയന വർഷത്തെ ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2017 മുതൽ 2021 വരെയുള്ള ഹയർ സെക്കന്ററി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുകയുണ്ടായി. 2021-22 അധ്യയന വർഷം 99.47 ശതമാനം റിസൾട്ടും 1,25,509 കുട്ടികൾക്ക് ഫുൾ എ പ്ലസും ആണ് ലഭിച്ചത്. കഴിഞ്ഞ വർഷം എ പ്ലസ് ലഭിച്ച എല്ലാ
കുട്ടികൾക്കും ആഗ്രഹിച്ച കോഴ്‌സിൽ അഡ്മിഷൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും അതിനവസരം ഒരുക്കുമെന്ന് നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതനുസരിച്ച് ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട് തുടങ്ങി 7 ജില്ലകളിൽ 20 ശതമാനവും കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ 10 ശതമാനം ആനുപാതിക സീറ്റ് വർദ്ധനവും അനുവദിച്ചു.
ഇതുകൂടാതെ കുട്ടികൾ കുറവായിരുന്ന 4 ബാച്ചുകൾ പുന:ക്രമീകരിക്കുകയും 75 ബാച്ച് താൽക്കാലികമായി പുതുതായി അനുവദിക്കുകയും ചെയ്തു. അങ്ങനെ സീറ്റ് വർദ്ധനവിലൂടെ 71,489 വേക്കൻസികളാണ് ഉണ്ടായത്. സംസ്ഥാനത്ത് സയൻസ് ബാച്ചിൽ 2,19,274 സീറ്റുകൾ ഉണ്ട്. ഹ്യൂമാനിറ്റീസ് ബാച്ചിൽ 87,148 സീറ്റുകൾ ഉണ്ട്. കൊമേഴ്‌സ് ബാച്ചിൽ 1,25,659 സീറ്റുകൾ ഉണ്ട്.കഴിഞ്ഞ വർഷത്തെ അഡ്മിഷനിൽ കണ്ട
പ്രവണത സയൻസ് ബാച്ചുകളേക്കാൾ കുട്ടികൾക്ക് താൽപര്യം ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു. ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ അപേക്ഷ വന്ന ജില്ല മലപ്പുറം ആണ്. 17,120 അപേക്ഷകളാണ് ഈ ജില്ലയിൽ ലഭിച്ചത്.
രണ്ട് പ്രധാന ഘട്ടമായിട്ടാണ് കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി പ്രവേശനം നടന്നത്. ഇപ്രാവശ്യവും മൂന്ന് ഘട്ടങ്ങൾ വേണ്ടി വന്നേക്കാം.
പ്രവേശനം പൂർത്തിയായതിനു ശേഷം പ്രത്യേക ഉത്തരവ് വഴി 1,464 വിദ്യാർത്ഥികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിച്ചു. ഒരു വിദ്യാർത്ഥിക്ക് എത്ര സ്‌കൂളുകളിലേക്ക് വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. .ഏകജാലക സംവിധാനത്തിലൂടെ തന്നെയാണ് കുട്ടികളുടെ സ്‌കൂൾ അലോട്ട്‌മെന്റും നടത്തുന്നത്. അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് മെറിറ്റ് മാർക്കിന് ഉപരി ബോണസ് പോയിന്റും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാപേർക്കും ആഗ്രഹിക്കുന്ന വീട്ടിനടുത്തുള്ള സ്‌കൂൾ ലഭിക്കണമെന്നില്ല.
ഇപ്പോൾ മെറിറ്റിന് പ്രാധാന്യം നൽകണമെന്നാണ് ആലോചിക്കുന്നത്. അതായത് ബോണസ് പോയിന്റ് മെറിറ്റിനെമറികടക്കുന്നത് ശരിയല്ല.
അതിനാൽ ഈ വർഷം വ്യത്യാസം വരും.
ഇവിടെ വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 33,000 സീറ്റിലേക്കും ഹയർസെക്കണ്ടറിയിലെ 1,83,085 ഗവൺമെന്റ് സീറ്റിലേക്കും 1,92,630
എയ്ഡഡ് സീറ്റിലേക്കും, 56,366 സീറ്റിലേക്കും 61,429 ഐ.ടി.ഐ. സീറ്റിലേക്കും 9,990 പോളിടെക്‌നിക് സീറ്റിലേക്കുമാണ് സാധാരണ ഉപരിപഠന
അപേക്ഷ സമർപ്പിക്കുന്നത്.ശാസ്ത്രീയവും കൃത്യവുമായ അദ്ധ്യയനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലുള്ള റിസൾട്ടാണ് ഈ വർഷത്തേത്.ഈ വർഷം 99.26 ശതമാനം വിജയമാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,23,303 ആണ്. ഈ വർഷം 44,364 കുട്ടികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചിട്ടുള്ളത്.കഴിഞ്ഞവർഷം നിലവിലുള്ള സീറ്റിന്‍റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടന്നു. കൂടാതെ ആകെ വർദ്ധനവ് നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ 71,489 സീറ്റ് വർദ്ധിച്ചു.
അങ്ങനെ ആകെ അഡ്മിഷൻ നടത്തിയത് 4,32,081 സീറ്റുകളിലാണ്. .അഡ്മിഷൻ ലഭിച്ചില്ല എന്ന് ഒരു കുട്ടിയ്ക്കും പരാതിയില്ലായിരുന്നു.
ഈ വക കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പ്രവേശന നടപടികളാണ് ഈ വർഷം ആരംഭിക്കാൻ പോകുന്നത്. ഇതിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികളേയും കണക്കിലെടുക്കണം. ചില അധ്യാപകർ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികളെ ശത്രുക്കളായി കാണുകയും അവർക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നരീതിയും കണ്ടു വരുന്നുണ്ട്.
അവരെല്ലാം കേരളത്തിലുള്ളവരാണ്. നമ്മുടെ മക്കളാണ്. അവരുടെയും ഉപരിപഠനാവസരം സംരക്ഷിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ആഗ്രഹിച്ച എല്ലാവർക്കും പ്രവേശനം നൽകിയതുപോലെ ഇപ്രാവശ്യവും നൽകുവാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
അതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുവാൻ ഗവൺമെന്റ് ഉദ്ദേശിക്കുകയാണ്. '