
തിരുവനന്തപുരം: സ്പ്രിംക്ലെർ(sprinkler) വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി (chief minister)രാജി വെക്കണം എന്ന് രമേശ് ചെന്നിത്തല(ramesh chennithala). ഡാറ്റ വിട്ടുവെന്ന് രണ്ട് വർഷം മുൻപ് താൻ ഉന്നയിച്ചത് ശരിയെന്നു തെളിഞ്ഞു എന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
രണ്ടു വർഷം മുമ്പ് സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ കൂട്ടുപ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണ്.
ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്.
ഉന്നയിച്ച ആരോപണങ്ങളിൽ ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അന്ന് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സർക്കാർ നൽകിയ മറുപടി, സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തിൽ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ഞാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യവും സർക്കാരിനുണ്ടായില്ല. കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും വേണം. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാൽ മന്ത്രിസഭ പോലും അറിയാതെ, എല്‍.ഡി.എഫ് അറിയാതെ, നിയമ വകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിക്കാതെ, ആരോഗ്യവകുപ്പ് സെക്രട്ടറി അറിയാതെ, വഞ്ചനാക്കേസില്‍ പ്രതിയായ സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സർക്കാർ ചോർത്തിനൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനമല്ല, മറിച്ച് അഴിമതി നടത്തുകയായിരുന്നു സ്പ്രിങ്ക്ളറിന്റെ ലക്ഷ്യം എന്ന് പണ്ടേ വ്യക്തമായതാണ്.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു എന്ന് ശരിവെച്ചതാണ്. പക്ഷേ, മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ ആ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കെ ശശിധരൻ നായർ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. ആ റിപ്പോർട്ടിൽ ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകകരവുമായിരുന്നു. എന്നാൽ ശിവശങ്കറിലും ഒതുങ്ങുന്നതല്ല കരാർ എന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. അൽപ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കിൽ, മാന്യത അവശേഷിക്കുന്നുവെങ്കിൽ ആ സ്ഥാനത്ത് നിന്നുമിറങ്ങി അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണം.
സ്പ്രിംക്ലര്‍ ഇടപാടിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനോ? വീണ്ടും മുറുകി ഡാറ്റാ വിവാദം
തിരുവനന്തപുരം: സ്പ്രിംക്ലർ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആണെന്ന സ്വപ്നാ സുരേഷിന്‍റെ ആരോപണത്തോടെ ഡാറ്റ വിവാദം വീണ്ടും മുറുകി. അടിമുടി ദുരൂഹത ബാക്കിയാക്കി ആയിരുന്നു കരാർ റദ്ദാക്കിയത് .ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഉപ ഹർജി നൽകാനും പരാതിക്കാർ ആലോചിക്കുകയാണ്
സ്പ്രിംക്ലറും വീണയുടെ സ്ഥാപനം എക്‌സാലോജിക്കും തമ്മിലെ ബന്ധത്തിലെ ദുരൂഹത ആദ്യം പറഞ്ഞത് 2020 ഇൽ പി ടി തോമസ് ആയിരിന്നു. ഡാറ്റ കടത്ത് നടന്നെന്ന വാദത്തില്‍ രമേശ് ചെന്നിത്തല ആവർത്തിച്ചു ഉറച്ചു നിന്നതോടെ വിവാദം മുറുകി. സ്പ്രിംക്ലർ കത്തുന്നതിനിടെ ആയിരുന്നു ഐ ടി സെക്രട്ടറി എം ശിവശങ്കർ ചട്ടങ്ങൾ എല്ലാം ലംഘിച്ചുള്ള കരാരിന്റെ ഉത്തരവാദിത്തം ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ ഏറ്റെടുത്തത്.
വീണ ബുദ്ധി കേന്ദ്രം ആയ കരാറിൽ ബലിയാടായെന്നു ശിവശങ്കർ പറഞ്ഞു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയും ധന നിയമ വകുപ്പുകളും അറിയാതെ കരാർ ഉപ്പിടാൻ ശിവശങ്കറിന് മേൽ ഉന്നത സമ്മർദം ഉണ്ടായെന്ന ആരോപണം ഇതോടെ വീണ്ടും ഉയരുന്നു. ശിവശങ്കറിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു സർക്കാർ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിന്മേൽ വീണ്ടും സമിതിയെ വെച്ചു ശിവശങ്കറിനെ വെള്ള പൂശുകയായിരുന്നു സർക്കാർ.
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റ കൂടെ പശ്ചാത്തലത്തിൽ ആയിരുന്നു ഒടുവിൽ കരാർ റദ്ദാക്കി സ്പ്രിംക്ലർ ഡാറ്റ സി ഡിറ്റ്ന്റെ സിസ്റ്റത്തിലേക്ക് മാറ്റിയത് തിടുക്കത്തിലെ കരാറിനു ഒപ്പം കൈമാറ്റം ചെയ്യപ്പെട്ട ഡാറ്റ സ്പ്രിംക്ലർ എന്ത് ചെയ്തു എന്നൊക്കെ ഉള്ള സംശയങ്ങൾ വീണ്ടും ഉയരും. കരാറിനെതിരായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമ ക്കാല നൽകിയ പരാതി ഇപ്പോഴും ഹൈക്കോടതി പരിഗണനയിൽ ആണ്. പുതിയ വെളിപ്പെടുത്തൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്താന്‍ ആണ് ശ്രമം.