
തിരുവനന്തപുരം: സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ നടി ഭാവനയും എത്തി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകൾ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഗൾഫ് ട്രിറ്റ് എന്ന യുട്യൂബ് ചാനലിനോട് മുൻപ് ഭാവന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന പറയുന്നു. ഒപ്പം സൗഹൃദത്തെയും വിശ്വാസത്തെ പറ്റിയും ഭാവന സംസാരിച്ചു.
"ഒരുപാട് ഫ്രണ്ട്സ് ഉണ്ടെങ്കിലും ഒരു പ്രശ്നം വന്നാൽ ആരേയും വിളിക്കില്ല. പ്രശ്നങ്ങൾ വരുമ്പോൾ ഒരു ഷെല്ലിനകത്തേക്ക് പേകും. അതിപ്പോൾ ഇങ്ങനെ ആയതാണോ അതോ മുൻപും ഇങ്ങനെ ആയിരുന്നോന്ന് എനിക്ക് ഓർമയില്ല. ഫ്രണ്ട്സിന് അതറിയാം. അതിൽ നിന്നും റിക്കവറായി വന്ന ശേഷമാണ് അവരോട് കാര്യങ്ങൾ പറയുക. സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം മാത്രമാണ് ഉള്ളത്. 2019 അവസാനത്തിലാണ് അത് തുടങ്ങുന്നത്. ആദ്യമൊരു പ്രൈവറ്റ് അക്കൗണ്ട് ഉണ്ടായിരുന്നു. പിന്നീട് കുറേ വ്യാജ വാർത്തകൾ വന്നു, ഡിവോഴ്സ് ആകാൻ പോകുന്നു, ഡിവോഴ്സ് ആയി എന്നൊക്കെ. ഒടുവിൽ എല്ലാവരും പറഞ്ഞു ഒരു അക്കൗണ്ട് തുടങ്ങാൻ. അങ്ങനെയാണ് ഇൻസ്റ്റയിൽ വരുന്നത്. കമന്റ്സൊക്കെ ചിലപ്പോൾ കാണും. അതിന് വേണ്ടിയിരിക്കാറില്ല. എന്തിനാണ് മറ്റൊള്ളൊരാളുടെ ഫ്രസ്ട്രേഷൻ കാരണം നമ്മുടെ ഒരു ദിവസം കളയുന്നത്. എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്. മനസറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നത് വളരെ അപൂർവ്വമാണ്. ഇയാൾക്ക് എന്നെ അറിയില്ലല്ലോ, എന്തറിഞ്ഞിട്ടാ ഈ എഴുതുന്നതെന്നൊക്കെ ചിന്തിക്കും", എന്ന് ഭാവന പറയുന്നു.
വിശ്വാസിയാണോന്ന ചോദ്യത്തിന്, "വിശ്വാസിയാണ്. ഭയങ്കര വിശ്വാസയല്ല. കർമയിൽ കുറച്ചൊക്കെ വിശ്വാസമുണ്ട്. എനിക്കുള്ളതേ എനിക്ക് വരുള്ളൂ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഫേസ് ഇറ്റ്. അതെങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും എന്നതിന് ശക്തി തരികയെന്ന രീതിയിൽ പ്രാർത്ഥിക്കും. പ്രാർത്ഥന എന്നത് ആരോ നമ്മുടെ കൂടെ ഉണ്ട് എന്നതാണല്ലോ. ആരോടോ നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. അത് കേൾക്കുന്നുണ്ട്. നമുക്ക് അതിന് റിസൾട്ട് കിട്ടും. 10 കാര്യം പറഞ്ഞ് പ്രാർത്ഥിക്കും ചിലപ്പോൾ അഞ്ച് കാര്യം നടക്കും. അത് ദൈവം തന്നതാണെന്ന വിശ്വാസമാണ്. ആ വിശ്വാസത്തിലാണല്ലോ എല്ലാവരും ജീവിക്കുന്നത്. ആ ഒരു വിശ്വാസമുണ്ട്", എന്നായിരുന്നു ഭാവനയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam