അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് മന്ത്രി, മുഖ്യമന്ത്രിയെ കാണും

Published : Jun 12, 2025, 10:17 AM ISTUpdated : Jun 12, 2025, 10:21 AM IST
V. Sivankutty

Synopsis

കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് സമസ്തയെ തണുപ്പിക്കാൻ മാത്രമാണെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. 

‘സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിച്ചു. അക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയിരിക്കുകയാണ്. നമുക്ക് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരിച്ചു. അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം? ഇപ്പോൾ തന്നെ പല സ്കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതൽ വേണ്ട ഒരു കാലഘട്ടമാണ്’. നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും

സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. സ്കൂൾ സമയം കൂട്ടി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ നിന്ന് പിന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് സമസ്തയെ തണുപ്പിക്കാൻ മാത്രമാണെന്നാണ് വിലയിരുത്തൽ. 

ഹൈസ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആക്കിയാണ് ഇന്നലെ ഉത്തരവിറക്കിയത്. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിലെ മാറ്റം.

എന്നാൽ ഉത്തരവിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രി കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ എതിർപ്പ് പരസ്യമാക്കി. സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പിന്നാലെ കടുംപിടിത്തമില്ലെന്ന് മന്ത്രി ശിവൻകുട്ടിയും വ്യക്തമാക്കി. എന്നാൽ സമയം കൂട്ടിയില്ലെങ്കിൽ പ്രവൃത്തിദിനങ്ങൾ എങ്ങിനെ കൂട്ടുമെന്ന പ്രതിസന്ധിയും സർക്കാറിന് മുന്നിലുണ്ട്. 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ