
കണ്ണൂർ: മന്ത്രി വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസ് പൊളിയുന്നു. മന്ത്രിയുടെ കഴുത്തില്‍ ആയുധംകൊണ്ടുള്ള പരിക്കില്ലെന്നാണ് ആശുപത്രിയിലെ പരിശോധന റിപ്പോര്‍ട്ട്. മന്ത്രിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാരുടെ മൊഴിയും പ്രതിഷേധക്കാരുടെ കയ്യില്‍ ആയുധം ഉണ്ടായിരുന്നില്ല എന്നാണ്. കേസില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ജാമ്യം ലഭിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ സബ് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കി.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഗണ്‍മാന്‍ നല്‍കിയ പരാതിയും സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ചതും മന്ത്രിയെ കെഎസ്‍യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ്. റയില്‍വെ പൊലീസ് കേസെടുത്തത് ആയുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനും. രണ്ടാഴ്ച ജാമ്യമില്ലാതെ ജില്ലാ പ്രസിഡന്‍റ് അടക്കം അഞ്ചു കെ.എസ്‍യുക്കാര്‍ ജയിലില്‍. എന്നാല്‍ മന്ത്രിയും ഗണ്‍മാനും ചികിത്സ തേടിയ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റാണിത്.
കഴുത്തിലും ചെവിയുടെ താഴെയും കൈമുട്ടിലും തൊടുമ്പോള്‍ വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആയുധം ഉപയോഗിച്ചുള്ള ചതവോ മുറിവോ ഇല്ല. ഒരു എക്സറേ എടുക്കാന്‍പോലും എഴുതിയിട്ടില്ല. ഏഴുമണിക്കൂര്‍ കഴിഞ്ഞ് റയില്‍വെ പൊലീസിട്ട എഫ്ഐആറില്‍ ''കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞെത്തിയ കെഎസ്‍യുക്കാര്‍ ആയുധംകൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു''വെന്നാണ്.
അതേസമയം മന്ത്രിക്ക് സുരക്ഷയൊരുക്കിയ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയും ഒരു തരത്തിലുമുള്ള ആയുധം ഉപയോഗിച്ചിട്ടില്ല എന്നാണ്. ചുരുക്കത്തില്‍ വധശ്രമമുണ്ടായി എന്നത് കള്ളക്കേസാണെന്ന കോണ്‍ഗ്രസ് വാദം ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പതിനാറുദിവസമായി റിമാന്‍ഡിലായിരുന്ന കെഎസ്‍യു നേതാക്കള്‍ ജാമ്യത്തിലിറങ്ങി, കോണ്‍ഗ്രസുകാര്‍ സ്വീകരണവും നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam