
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസെടുത്തതിൽ പ്രതികരണവുമായി മന്ത്രി വി എൻ വാസവൻ. കേസ് സ്വാഭാവികമാണ്. കേസ് എടുക്കാതെ വഴിയില്ലെന്നും മന്ത്രി വിഎൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആൾമാറാട്ടം ആണ് നടന്നത്. യഥാർത്ഥ പ്രതി കോൺഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു.
വ്യാജ രേഖകൾ ഉണ്ടാക്കി സതിയമ്മ ശമ്പളം അടക്കം കൈപ്പറ്റിയിരുന്നു. ലിജിമോൾടെ പേരിൽ സതിയമ്മ ജോലി ചെയ്തതിന് ഉദ്യോഗസ്ഥരും സഹായം ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. സർക്കാരിനെ കബളിപ്പിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കും. പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരും. യുഡിഫ് കളിച്ച കള്ളകച്ചവടമാണിത്. ഒന്നും അറിയില്ല എന്ന സതിയമ്മയുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സതിയമ്മയ്ക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു.ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന ലിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം.
സതിയമ്മക്കെതിരെ കേസ്; വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി, നടപടി ലിജിമോളുടെ പരാതിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam