
കോട്ടയം: മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാനായി കെ റെയിൽ (K Rail) അലൈൻമെന്റിൽ (Alignment) മാറ്റം വരുത്തിയെന്ന കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി മന്ത്രി വിഎൻ വാസവൻ. തിരുവഞ്ചൂരിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സജി ചെറിയാൻ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും വാസവൻ പ്രതികരിച്ചു. കെ റെയിലിൽ പദ്ധതിയിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. വ്യക്തമായ നഷ്ട പരിഹാരം സർക്കാർ ഉറപ്പു നൽകിയതാണ്. പദ്ധതിക്കെതിരെ ഇപ്പോൾ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Silver Line: അലൈൻമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുറച്ച് തിരുവഞ്ചൂർ;കൂടുതൽ തെളിവുകൾ പുറത്തുവിടും
മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ സിൽവർ ലൈൻ അലൈൻമെൻറിൽ മാറ്റം വരുത്തിയെന്ന ഗുരുതര ആരോപണമാണ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഉയർത്തിയത്. ആശങ്കയുമായി സമരത്തിനിറങ്ങിയ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ വരെ തള്ളി പ്രതിഷേധങ്ങളെ നേരിടാൻ മുന്നിട്ടിറങ്ങിയ മന്ത്രി സജി ചെറിയാനെതിരെയാണ് ഗുരുതര ആരോപണമുയർന്നത്. മന്ത്രിയുടെ വീട് ഉൾപ്പെടുന്ന മുളക്കുഴയിൽ അലൈൻമെൻറ് മാറ്റി എന്നാണ് ആക്ഷേപം. ആരോപണം നിഷേധിച്ച സജി ചെറിയാൻ പദ്ധതിക്കായി വീട് വിട്ടുനൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി. തന്റെ വീട് കാലശേഷം പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകുമെന്ന് നേരത്തെ പറഞ്ഞതാണെന്നും സജി ചെറിയാൻ വ്യക്തമാക്കുന്നു.
എന്നാൽ തന്റെ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് തിരുവഞ്ചൂർ. ചങ്ങനാശേരി മുളക്കുഴയിലെ അലെയ്മെന്‍റിൽ രണ്ട് കിലോമീറ്റർ മാറ്റം വരുത്തിയെന്നും അലെയ്മെന്‍റ് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവായി പുതിയ മാപ്പും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടു.
ഈ മാറ്റം എന്തിനാണ് നടത്തിയതെന്ന് കെ- റെയിൽ വ്യക്തമാക്കണം. അല്ലെങ്കിൽ തന്‍റെ ആക്ഷേപം ശരിയെന്നാണ് മനസിലാക്കേണ്ടത്. സജി ചെറിയാന് ഇക്കാര്യത്തിൽ എന്തോ താൽപര്യമുണ്ട്. അതുകൊണ്ടാണ് ഇതിൽ കയറിപ്പിടിച്ചത്. രണ്ട് കിലോമീറ്റർ വ്യത്യാസം വന്നത് എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. ജി ചെറിയാൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലെയ്മെന്‍റ് മാറ്റിയെന്നാണ് അറിവെന്നും മുളക്കുഴയുടെ കാര്യത്തിൽ സർക്കാർ ആദ്യം മറുപടി പറയട്ടെ അപ്പോൾ പുതിയ തെളിവുകൾ പുറത്തുവിടുമെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.