
കോട്ടയം: നാർകോടിക് ജിഹാദ് (Narcotic Jihad) വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പിനെ (Pala Bishop) സന്ദർശിച്ച് അനുകൂല പ്രസ്താവന നടത്തിയ മന്ത്രി വിഎൻ വാസവൻ (Minister VN Vasavan), കോട്ടയം താഴത്തങ്ങാടി ഇമാമുമായി (Thazhathangadi Imam) കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയിൽ വെച്ചാണ് ഇമാം ഷംസുദ്ദീൻ മന്നാനിയെ (Shamsudheen Mannani) മന്ത്രി കണ്ടത്. നാർകോടിക് ജിഹാദ് വിഷയം ഉയർന്നപ്പോൾ തന്നെ സമാധാന ശ്രമമെന്നോണം സിഎസ്ഐ സഭ (CSI Chucrh) ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനുമായി കൂടിക്കാഴ്ച നടത്തുകയും സംയുക്ത വാർത്താസമ്മേളനം നടത്തുകയും ചെയ്തത് ഇമാമായിരുന്നു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് ഇമാമിനെ കാണാനെത്തിയത്. തങ്ങൾക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവനയോടെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായെന്നും മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗത്തെ വേദനിപ്പിച്ചെന്നും ഇമാം ഷംസുദ്ദീന്‍ മന്നാനി നേരത്തെ വിമർശിച്ചിരുന്നു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് പ്രസ്താവന വിവാദമായതിന് പിന്നാലെ സമവായ ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്ത ആളായിരുന്നു ഷംസുദ്ദീന്‍ മന്നാനി. കോട്ടയം മുസ്‌ലിം ഐക്യവേദിയുടെ അധ്യക്ഷന്‍ കൂടിയാണ് ശംസുദ്ദീന്‍ മന്നാനി. ഇത്തരമൊരു പരാമര്‍ശം പാലാ ബിഷപ്പ് നടത്താന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഈ രീതിയിലേക്ക് സഭ പോകരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പോർവിളികളും വൈകാരിക പ്രകടനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു.
സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനേയും, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനിയേയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ഒപ്പമാണ് വി.ഡി.സതീശൻ എത്തിയത്. ഇരുവരെയും അഭിനന്ദിക്കാൻ ആണ് എത്തിയത് എന്ന് സതീശൻ പറഞ്ഞു. ബിഷപ്പും ഇമാമുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനം മാതൃകയാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് കെപിസിസി അധ്യക്ഷനൊപ്പം പാലാ ബിഷപ്പിനെ കാണാൻ പോകാത്തത്. പാലാ ബിഷപ്പുമായി ഒരു പ്രശ്നവുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam